മുഖംമൂടി ധരിച്ചെത്തിയ അക്രമി പട്ടാപ്പകല്‍ വീട്ടമ്മയെ കുടകൊണ്ട് മര്‍ദ്ദിച്ച് ബോധം കെടുത്തി ജനല്‍ കമ്പിയില്‍ കെട്ടിയിട്ടു; കേസില്‍ പോലീസ് അന്വേഷണം നടക്കവേ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹമായി കാട്ടൂരിലെ തങ്കമ്മയുടെ മരണം
ദിവസങ്ങൾക്കുമുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ,
ആലപ്പുഴ: കെട്ടിയിട്ട നിലയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. സംഭവത്തില്‍ ദൂരൂഹതകള്‍ ശക്തമാണ്. ആലപ്പുഴ കാട്ടൂരിലാണ് സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാര്‍ഡില്‍ കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ ജോണ്‍ കുട്ടിയുടെ ഭാര്യ തങ്കമ്മയെ (58) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് വീട്ടമ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായെന്നാണ് പൊലീസിന്റെ നിഗമനം. മുഖംമൂടി ധരിച്ചെത്തിയ അക്രമി പട്ടാപ്പകല്‍ വീട്ടമ്മയെ കുടകൊണ്ട് മര്‍ദ്ദിച്ച് ബോധം കെടുത്തിയതിനുശേഷം ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു.
ജോലി കഴിഞ്ഞ് തിരികെയെത്തിയ മകനാണ് വായില്‍ തുണി തിരുകിയ നിലയില്‍ ബോധരഹിതയായി അമ്മയെ കാണുന്നത്. വീടിന്റെ പ്രധാന വാതില്‍ പൂട്ടിയതിനുശേഷമാണ് അക്രമി മടങ്ങിയത്. അമ്മയെ വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ അടുക്കള വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് കെട്ടിയിട്ട നിലയില്‍ മകന്‍ കണ്ടെത്തിയത്.
മോഷണ ശ്രമമാണെന്നാണ് കരുതിയതെങ്കിലും ആഭരണങ്ങള്‍ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. ഈ സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് തങ്കമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതകള്‍ ശക്തമാണ്. കേസ് വിശദമായി അന്വേഷിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.