പോണ്ടിച്ചേരിയില്‍ വിനോദ യാത്ര പോകാന്‍ വസ്ത്രങ്ങളെല്ലാം തലേന്ന് പാക്ക് ചെയ്തു; എല്ലാവരോടും സന്തോഷത്തോടെ പെരുമാറി; ബെംഗളൂരുവില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍; കുഞ്ഞുങ്ങള്‍ക്ക് വിഷം കൊടുത്ത ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചെന്ന് പൊലീസ്; അന്വേഷണം തുടരുന്നു

ബെംഗളൂരുവില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍;

Update: 2025-01-06 11:39 GMT

ബെംഗളൂരു: പോണ്ടിച്ചേരിയിലേക്ക് വിനോദയാത്രയ്ക്ക് പോകാന്‍ ഒരുങ്ങിയ കുടുബം ബെംഗളൂരുവിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍. സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റായ അനുപ് കുമാര്‍(38), ഭാര്യ രാഖി (35) മക്കളായ അനുപ്രിയ (5) പ്രിയാന്‍ഷ് (2) എന്നിവരുടെ മരണം ആത്മഹത്യയെന്നാണ് സൂചന. യുപിയിലെ പ്രയാഗ് രാജ് സ്വദേശികളായ ഇവര്‍ അനൂപ് കുമാറിന്റെ ജോലി ആവശ്യത്തിനായി ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ആര്‍എംവി 2 സ്റ്റേജ് പ്രദേശത്തെ വീട്ടില്‍, കുട്ടികള്‍ക്ക് വിഷം കൊടുത്ത് കൊന്ന ശേഷം ദമ്പതികള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ വീട്ടുജോലിയില്‍ സഹായിയായ സ്ത്രീ വീട്ടില്‍ എത്തി പലവട്ടം വിളിച്ചെങ്കിലും പ്രതികരണം ഇല്ലാതെ വന്നതോടെ അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി വാതിര്‍ തകര്‍ത്ത് വീട്ടില്‍ പ്രവേശിച്ചപ്പോള്‍ ദമ്പതികളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ് കാണാന്‍ കഴിഞ്ഞത്.

തലേന്നും ദമ്പതികള്‍ സന്തുഷ്ടരായിരുന്നുവെന്നും പോണ്ടിച്ചേരിയിലേക്ക് പോകാന്‍ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്തിരുന്നുവെന്നും വീട്ടുജോലിക്കാരി പറഞ്ഞു. മൂന്നുപേരെയാണ് ദമ്പതികള്‍ ജോലിക്കായി നിര്‍ത്തിയിരുന്നത്. രണ്ടുപേര്‍ പാചകത്തിനായും ഒരാളെ കുട്ടികളെ നോക്കാനും. മൂവര്‍ക്കും 15,000 രൂപ വീതം ശമ്പളം നല്‍കി വന്നിരുന്നു.

മൂത്തകുട്ടിയായ അനുപ്രിയ ഭിന്നശേഷിക്കാരിയായിരുന്നു. ഇത് മാതാപിതാക്കളെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതുമൂലം കടുത്ത സമ്മര്‍ദത്തിലാണ് കുടുംബം കഴിഞ്ഞതെന്ന് പറയുന്നു. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ സദാശിവനഗര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Similar News