ഫാത്തിമത്ത് ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ; ഏഴാം നിലയിലെ കൈവരിയില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീഴുക ആയിരുന്നെന്ന് റിപ്പോര്‍ട്ട്: ഷഹാന വീണത് തീപിടുത്തം പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിപ്‌സം ബോര്‍ഡ് തകര്‍ത്ത്
ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ പറ്റിയ അബദ്ധം
എറണാകുളം: പറവൂര്‍ ചാലാക്ക എസ്എന്‍ഐഎംഎസ് കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി ഫാത്തിമത്ത് ഷഹാന (21)യുടെ മരണം സുഹൃത്തുക്കളുമൊത്തു കളിക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീണെന്ന് പൊലീസ്. ഹോസ്റ്റലിനുള്ളിലെ വരാന്തയിലെ കൈവരിയില്‍ കയറി ഇരുന്ന ഷഹാന അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. തീപിടുത്തം പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് കുട്ടി താഴേക്ക് വീണത്. സംഭവത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പോലീസ് പരിശോധിക്കുന്നു.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ അഞ്ചാം നിലയിലെ മുറിയിലാണ് ഷഹാന താമസിക്കുന്നത്. രാത്രി കൂട്ടുകാരിയുമായി ഏഴാം നിലയിലെത്തുക ആയിരുന്നു. കോറിഡോറിലെ കൈവരിക്ക് മുകളില്‍ ഇരുന്ന് സുഹൃത്തിനൊപ്പം ഫോണില്‍ കളിച്ചും സംസാരിച്ചും നിന്ന വിദ്യാര്‍ത്ഥി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഹോസ്റ്റലിലെ ഏഴാംനിലയിലെ കൈവരിക്ക് മുകളിലിരുന്ന് ഫോണ്‍ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ വിശദീകരണം.
ശനിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ SNIMS മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. വനിതാ ഹോസ്റ്റലിലെ അഞ്ചാംനിലയിലെ മുറിയിലാണ് ഫാത്തിമത്ത് ഷഹാന താമസിച്ചിരുന്നത്. രാത്രി കൂട്ടുകാരെ കാണാനായാണ് ഏഴാംനിലയിലെത്തിയത്. ഇതിനിടെ കൈവരിയിലിരുന്ന പെണ്‍കുട്ടി കാല്‍തെന്നി വീണതാകാമെന്നാണ് പോലീസിന്റെയും നിഗമനം.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ തീപ്പിടുത്തം പ്രതിരോധിക്കാനുള്ള ഫയര്‍ എക്‌സിറ്റ്ഗ്യുഷര്‍ മറച്ചിരുന്ന ജിപ്‌സം ബോര്‍ഡ് തകര്‍ന്ന് ഫാത്തിമത്ത് താഴേയ്ക്ക് വീഴുന്നതാണ് കണ്ടത്. എന്നാല്‍ എന്തിനു വേണ്ടിയാണ് നെഞ്ചൊപ്പം ഉയരമുള്ള കൈവരിയില്‍ വിദ്യാര്‍ത്ഥി കയറി ഇരുന്നത്, ഫോണോ മറ്റെന്തെങ്കിലും വസ്തുക്കളോ ഈ വിടവിലൂടെ വീണപ്പോള്‍ എടുക്കാനായി ചാടി ഇറങ്ങിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
കൈവരിക്ക് മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുക ആയിരുന്നു എന്ന് കോളേജ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പിലൂടെ വിശദീകരിക്കുമ്പോള്‍ കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ അബദ്ധത്തില്‍ വിദ്യാര്‍ഥി താഴേക്കു വീണെന്നാണ് പൊലീസ് എഫ് ഐ ആര്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയാണ് മരിച്ച ഫാത്തിമത്ത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കണ്ണൂര്‍ ഇരിക്കൂര്‍ പെരുവിലത്തുപറമ്പ് നൂര്‍മഹലില്‍ മജീദിന്റെയും സറീനയുടെയും മകളാണ് ഫാത്തിമത്ത് ഷഹാന. വിദ്യാര്‍ഥിനിയുടെ വിയോഗത്തില്‍ ടചകങട മെഡിക്കല്‍ കോളേജ് അധികൃതരും ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റും അനുശോചനം രേഖപ്പെടുത്തി.