കഴുത്ത് ഒടിച്ചു, ഹൃദയം കീറി മുറിച്ചു, കരള്‍ 4 കഷ്ണമാക്കി; തലയോട്ടിയില്‍ 15 മുറിവുകള്‍; ചത്തീസ്ഗഡില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി; വൈരാഗ്യം അഴിമതി പുറത്തു കൊണ്ടുവന്നത്; മുകേഷ് ചന്ദ്രാകറിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ ബന്ധു അറസ്റ്റില്‍

കഴുത്ത് ഒടിച്ചു, ഹൃദയം കീറി മുറിച്ചു, കരള്‍ 4 കഷ്ണമാക്കി; തലയോട്ടിയില്‍ 15 മുറിവുകള്‍

Update: 2025-01-06 07:40 GMT

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം രാജ്യത്തെ നടുക്കുന്ന സംഭവമായി മാറുകയാണ്. മുകേഷ് ചന്ദ്രാകര്‍ എന്ന മാധ്യപ്രവര്‍ത്തകനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മുകേഷ് ചന്ദ്രാകറിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും.

ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളില്‍ വരെ മുറിവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയില്‍ മാത്രം 15 മുറിവുകള്‍ ഉള്ളതായും കണ്ടെത്തി. മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരള്‍ 4 കഷ്ണം ആക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകളില്‍ മാത്രം അഞ്ച് ഒടിവുകളാണുള്ളത്.

പ്രദേശത്തെ പ്രധാന കരാറുകാരനായ സുരേഷ് ചന്ദ്രാകറിന്റെ വീട്ടില്‍ സെപ്റ്റിക് ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പകയാണ് മാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. മുകേഷ് നിരന്തരം ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നയാളായിരുന്നു.

ജനുവരി ഒന്ന് മുതലാണ് മുകേഷിനെ കാണാതായത്. മുകേഷിന്റെ അവസാന മൊബൈല്‍ ലൊക്കേഷന്‍ സുരേഷിന്റെ വീടിനടുത്തായതാണു പൊലീസിനെ പ്രതിയിലേക്കെത്താന്‍ സഹായിച്ചത്. പരിശോധനയ്ക്കിടെ പുതുതായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയില്‍ ഒരു സെപ്റ്റിക്ക് ടാങ്ക് പൊലീസ് കണ്ടെത്തി. ഇതില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

മുകേഷിന്റെ അകന്ന ബന്ധു കൂടിയാണ് സുരേഷ് ചന്ദ്രകര്‍. ഹൈദരാബാദില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. മുകേഷിന്റെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരുന്നു.ഹൈദരാബാദിലെ തന്റെ ഡ്രൈവറുടെ വസതിയിലാണ് സുരേഷ് ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം 200 സിസിടിവി ഫൂട്ടേജുകളും 300 മൊബൈല്‍ നമ്പറുകളുമാണ് പരിശോധിച്ചത്.

നിലവില്‍ സുരേഷിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ സുരേഷിന്റെ പേരിലുള്ള നാല് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും അനധികൃതമായി പണിത നിര്‍മിതി പൊളിക്കുകയും ചെയ്തിരുന്നു. സുരേഷിന്റെ ഭാര്യയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ബാസ്റ്ററില്‍ ഒരു കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള ഷെഡ്ഡിലെ സെപ്റ്റിക് ടാങ്കിനുള്ളിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

പുതുവത്സര ദിനത്തില്‍ ബിജാപൂരിലെ വീട്ടില്‍ നിന്ന് പുറത്തുപോയപ്പോഴായിരുന്നു മുകേഷിനെ അവസാനമായി കണ്ടത്. മുകേഷ് തിരികെയെത്താതായതോടെ സഹോദരന്‍ യുകേഷ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്ന് അധികം ദൂരമില്ലാത്ത ഛത്തന്‍ പര ബസ്തിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News