ജന്മദിനത്തില്‍ രാത്രി എത്തുമെന്നറിഞ്ഞ് മകളുടെ കാമുകനെ കാത്തു നിന്നു; പിടികൂടി കൈകള്‍ കെട്ടിയിട്ട് വിഷം കുടിപ്പിച്ച് മരത്തില്‍ കെട്ടിത്തൂക്കി; മകളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം; 19 കാരിയുടെ അച്ഛനും അമ്മയും അമ്മാവനും പിടിയില്‍
19 കാരിയുടെ അച്ഛനും അമ്മയും അമ്മാവനും പിടിയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അംഗീകരിക്കാതിരുന്ന യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ അച്ഛനും അമ്മയും അമ്മാവനും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോവുകയാണിപ്പോള്‍.
പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന്‍ കുശവാഹ(22), കാമിനി സാഹു(19) എന്നിവരെ കാമിനിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ബിഗ എന്ന ഗ്രാമത്തിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്.
മിഥുന്‍ കുഷ്‌വാഹ എന്ന 22കാരനെ തൂങ്ങി മരിച്ച നിലയിലും കാമിനി സാഹു എന്ന 19കാരിയെ വീടിന് പിന്നില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ട് പേരുടെയും പ്രണയ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് നാട്ടുപഞ്ചായത്ത് ചേര്‍ന്ന് മിഥുനോട് മാറി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് മിഥുന്‍ അമ്മാവന്റെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അര്‍ദ്ധരാത്രിക്ക് ശേഷം കാമിനിയുടെ വീട്ടിലെത്തി രഹസ്യമായി പരസ്പരം കാണാറുണ്ടായിരുന്നു.
യുവാവ് സ്ഥിരം വീട്ടിലെത്തുന്നത് കാമിനിയുടെ ബന്ധുക്കളും മനസിലാക്കി. ജനുവരി ഒന്നിന് യുവതിയുടെ ജന്മദിനമായതിനാല്‍ മിഥുന്‍ എന്തായാലും ആഘോഷിക്കാന്‍ എത്തുമെന്ന് കണക്കാക്കി കാത്തിരുന്നു. രാത്രി യുവാവ് എത്തിയപ്പോള്‍ പിടികൂടി കൈകള്‍ കെട്ടിയിട്ടു. തുടര്‍ന്ന് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു. കാമിനി എതിര്‍ക്കുകയും സംഭവം പൊലീസില്‍ അറിയിക്കുമെന്ന് പറയുകയും ചെയ്തതോടെ യുവതിയെയും വിഷം കുടിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മിഥുന്റെ മൃതദേഹം ഒരു മരത്തില്‍ കെട്ടിത്തൂക്കി. കാമിനിയുടെ മൃതദേഹം വീടിന് പിന്നില്‍ ഉപേക്ഷിച്ചു.
രാവിലെ എഴുന്നേറ്റ ശേഷം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പോലെ വീട്ടുകാര്‍ അഭിനയിച്ചു. കാമിനിയെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിച്ച് എല്ലാവരും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങി. മൃതദേഹം കണ്ടെത്തിയ ശേഷം പൊലീസിനെ അറിയിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വീട്ടുകാര്‍ക്കെതിരെ തിരിഞ്ഞത്.
ലളിത്പുര്‍ എസ്.പി. മുഹമ്മദ് മുഷ്താഖ് പറയുന്നത്:
മിഥുനുമായുള്ള കാമിനിയുടെ പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടില്‍ അംഗീകരിച്ചിരുന്നില്ല. ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പഞ്ചായത്ത് ചര്‍ച്ചയില്‍ പെണ്‍കുട്ടി വിവാഹിതയാകുന്നതുവരെ മിഥുന്‍ കുശവാഹയോട് ഗ്രാമംവിട്ട് പുറത്ത് താമസിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം തൊട്ടടുത്ത ഗ്രാമത്തില്‍ തന്റെ അമ്മാവന്റെ കൂടെയാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകി മിഥുന്‍ പെണ്‍കുട്ടിയെ കാണാനെത്തുമായിരുന്നു.
കാമിനി സാഹുവിന്റെ കുടുംബത്തിന് മിഖുന്‍ കുശ്വാഹയുടെ പതിവ് സന്ദര്‍ശനങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ജനുവരി ഒന്നിന് പെണ്‍കുട്ടിയുടെ ജന്മദിനമായതിനാല്‍ മിഥുന്‍ വരുമെന്ന് അവര്‍ ഉറപ്പിച്ചു. പ്രതീക്ഷ തെറ്റിക്കാതെ വീട്ടിലെത്തിയ മിഥുനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടുകയും കൈകള്‍ കൂട്ടിക്കെട്ടി ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
കൊലപാതകവിവരം പോലീസില്‍ അറിയിക്കുമെന്ന് വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയേയും ഇവര്‍ ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഇരുവരേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായി മിഥുന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കുകയും പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് പിന്‍വശത്തെ പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. ജനുവരി ഒന്നിന് രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാര്‍ നാട്ടുകാര്‍ക്കൊപ്പം വ്യാജ തിരച്ചില്‍ നടത്തി.
രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ അന്തരീക്ഷം മോശമായി. ആത്മഹത്യയാണെന്ന് സംശയിച്ചതിനാല്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അയച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടുകൂടിയാണ് ഇരുവരും കഴുത്ത് ഞെരിക്കപ്പെട്ടാണ് മരിച്ചതെന്ന വിവരം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ രാംദേവി സാഹു, അച്ഛന്‍ സുനില്‍ സാഹു, അമ്മാവന്‍ ദേശ്രാജ് സാഹു എന്നിവരാണ് നിലവില്‍ അറസ്റ്റിലായത്.