പുതുവര്‍ഷ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; ട്രെയിന്‍ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം പാളത്തിലേക്ക് വലിച്ചെറിഞ്ഞു; പൊലീസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായത് ഭാര്യയും കാമുകനുമടക്കം നാല് പേര്‍; തുമ്പായത് മുട്ടവില്‍പ്പനക്കാരന് ഗൂഗിള്‍ പേ പേയ്‌മെന്റ് ചെയ്തത്
പൊലീസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായത് ഭാര്യയും കാമുകനുമടക്കം നാല് പേര്‍
മുംബൈ: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് അപകട മരണമാക്കി മാറ്റാനുള്ള നീക്കം പൊളിച്ചത് ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരുടെ ഇടപെടല്‍. സംഭവത്തില്‍ മുംബൈ റെയില്‍വേ പോലീസ് കമ്മീഷണര്‍ രവീന്ദ്ര ഷിശ്വെയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും കാമുകനുമടക്കം നാല് പ്രതികള്‍ പിടിയിലായി.
പുതുവത്സര ദിനത്തിലാണ് 42 കാരനായ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ് രമേഷ് ചവാനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിടാന്‍ ശ്രമം നടന്നത്. ചവാന്റെ ഭാര്യ പൂജ(35), കാമുകന്‍ ഭൂഷണ്‍ നിംബ ബ്രാഹ്‌മണെ (29) എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. വിജയ് മരിച്ച് കഴിഞ്ഞാല്‍ വിവാഹിതരാകാമെന്നായിരുന്നു ഇവരുടെ പദ്ധതി. പ്രകാശ് എന്ന ധീരജ് ഗുലാബ് ചവാന്‍ (23), പ്രവീണ്‍ ആബ പാന്‍പാട്ടില്‍ (21) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
റെയില്‍വേ പോലീസ് കമ്മീഷണര്‍ രവീന്ദ്ര ഷിശ്വെയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ബ്രാഹ്‌മണെയുടെ പദ്ധതിയുടെ ഭാഗമായി പാന്‍പാട്ടില്‍ ചവാനെ പുതുവര്‍ഷ രാവില്‍ പാര്‍ട്ടിക്ക് വിളിച്ചതായി റെയില്‍വേ പോലീസ് കണ്ടെത്തി. ചവാന്‍ എത്തിയപ്പോള്‍, അവര്‍ ധീരജിന്റെ ഇഇസിഒ കാറില്‍ കറങ്ങി.
പിന്നീട് രാത്രി 11.30 ഓടെ ചവാന്‍ അമിതമായി മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ ബ്രാഹ്‌മണും പാന്‍പാട്ടീലും ചേര്‍ന്ന് കാറിനുള്ളില്‍ കയറി കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം റെയില്‍വേ ട്രാക്കിലേക്ക് കൊണ്ടുപോയി. ലോക്കല്‍ ട്രെയിന്‍ വന്നപ്പോള്‍, ചവാന്റെ മൃതദേഹം ട്രെയിന്‍ അപകടത്തില്‍ മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പാളത്തിലേക്ക് വലിച്ചെറിഞ്ഞു.
എന്നാല്‍, ട്രെയിനിന്റെ ലോക്കോ പൈലറ്റുമാര്‍ ഇവരെ കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയും പിന്നീട് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. ചവാന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പ്രതികളിലേക്കെത്തിയത്. ഗാന്‍സോലി പ്രദേശത്തെ മുട്ട വില്‍പ്പനക്കാരന് തന്റെ അവസാന ഗൂഗിള്‍ പേ പേയ്‌മെന്റ് നടത്തിയതായി പൊലീസ് കണ്ടെത്തി.
പോലീസ് ഈ സ്റ്റാളില്‍ എത്തിയപ്പോള്‍ അതിനടുത്തായി ഒരു വൈന്‍ ഷോപ്പ് കണ്ടെത്തി. അവിടെ അന്വേഷിച്ചപ്പോള്‍ ചവാന്‍ ധീരജിനൊപ്പം അവിടെ എത്തിയതായി മനസ്സിലാക്കി. പോലീസ് സംഘം പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് പ്രതികളുടെ വഴി കണ്ടെത്തി.
കൂടാതെ, ചവാന്‍ തന്റെ സഹപ്രവര്‍ത്തകനോട് അവസാനമായി വീഡിയോ കോള്‍ ചെയ്ത് ഒരു പാര്‍ട്ടിക്ക് പോകുകയാണെന്ന് അറിയിച്ചു. ഈ വീഡിയോ കോളില്‍ ധീരജിനെ പശ്ചാത്തലത്തില്‍ കണ്ടതായി ഡിസിപി പാട്ടീല്‍ പറഞ്ഞു. ചവാന്റെ ഭാര്യയുടെ ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധിച്ചപ്പോള്‍ അവരും ധീരാജും തമ്മില്‍ നിരവധി തവണ വിളിച്ചതായി കണ്ടെത്തി.
ധീരജിന്റെ കെട്ടിടത്തിന്റെ സിസിടിവിയും പോലീസ് പരിശോധിച്ചപ്പോള്‍, പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ 1.30 ഓടെ ഇഇസിഒ പാര്‍ക്ക് ചെയ്യുന്നത് കണ്ടെത്തി. തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യപാനത്തിന് പുറമെ ചവാന്‍ ലൈംഗികത്തൊഴിലാളികളെ സന്ദര്‍ശിക്കുന്ന ശീലവുമുണ്ടായിരുന്നെന്നും തന്നെ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നെന്നും പൂജ പൊലീസിനോട് പറഞ്ഞു.