14 ഏക്കറിന നടുവിലുള്ള വീട്; 20 വര്‍ഷത്തിലേറെയായി ആള്‍താമസമില്ല; പോലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കവറുകളില്‍; അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന രീതിയില്‍; ചോറ്റനിക്കരയിലെ വീട് ഡോക്ടറുടേത്; അന്വേഷണം ആരംഭിച്ച് പോലീസ്; ദുരൂഹത!

Update: 2025-01-07 05:15 GMT

ചോറ്റാനിക്കര (കൊച്ചി): ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. 20 വര്‍ഷമായി അടഞ്ഞുകിടക്കുന്ന കൊച്ചിയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ കൊണ്ട് ഉപേക്ഷിച്ചതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത് 12 ഏക്കര്‍ പറമ്പില്‍ 20 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. കൊച്ചിയില്‍ താമസിക്കുന്ന മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. ചോറ്റാനിക്കരയിലെ വീട് 20 വര്‍ഷമായി പൂട്ടി കിടക്കുകയായിരുന്നു.

14 ഏക്കറിന് നടുവിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിക്കുന്ന രീതിയിലാണ് അസ്ഥികള്‍ സൂക്ഷിച്ചിരുന്നത്. നട്ടെല്ല് അടക്കമുള്ള അസ്ഥികള്‍ കോര്‍ത്തിട്ട രീതിയിലായിരുന്നു. മനുഷ്യന്റെ തലയോട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ തലയോട്ടിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വാരിയെല്ലുകള്‍ പ്രത്യേകം കവറിലും കൈകാലുകളിലെ വിരലുകള്‍ മറ്റൊരു കവറിലുമാക്കിയ നിലയിലാണ് സൂക്ഷിച്ചിരുന്നത്. കാല്‍ മുട്ടിലെ ചിരട്ടകള്‍ പൊടിഞ്ഞുപോയ നിലയിലായിരുന്നു. വീട്ടില്‍ വൈദ്യുതി കണക്ഷനോ ഫ്രിഡ്ജില്‍ കംപ്രസറോ ഉണ്ടായിരുന്നില്ല.

ഏകദേശം 20 വര്‍ഷത്തോളമായി ഈ വീട് അടഞ്ഞ് കിടക്കുകയാണ്. 15 വര്‍ഷം മുന്‍പ് വരെ സ്ഥലത്തെത്തി പരിശോധിക്കുമായിരുന്നു. പിന്നീട് തിരക്കായപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വരാതെയായി. ഇതോടെ ഇവിടെ സാമൂഹിക വിരുദ്ധരുടെ കുത്തകയായി മാറി. ശല്യം സഹിക്ക വയ്യാതെ നാട്ടുകാര്‍ ചേര്‍ന്ന് പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് മെമ്പറുടെ ആവശ്യപ്രകാരമാണ് പൊലീസ് വീട്ടിനുള്ളില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഫ്രിഡ്ജില്‍നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തുകയായിരുന്നു. തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുള്‍പ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

ചോറ്റാനിക്കര എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ആരാണ് വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടി കൊണ്ടുവച്ചത് എന്നതുള്‍പ്പയെയുള്ള കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. സ്ഥലം പൊലീസ് സീല്‍ ചെയ്തു. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തും. വീട്ടുടമയായ ഡോക്ടറെയും പൊലീസ് വിളിച്ചുവരുത്തി.

Tags:    

Similar News