ഗാലറിയില്‍ നിന്ന് വീണ ഉമ തോമസ് എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകമായി; ഈവന്റെ മാനേജ്‌മെന്റ് ഉടമ ജനീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; മൂന്നാം പ്രതിയെ പൊക്കിയത് ആശുപത്രി ഡിസ്ചാര്‍ജ്ജ് നല്‍കിയപ്പോള്‍
തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനി ഉടമ പി എസ് ജനീഷ് പിടിയില്‍. തൃശൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല. കേസില്‍ മൂന്നാം പ്രതിയാണ് തൃശൂര്‍ സ്വദേശിയായ ജനീഷ്. തൃശൂരിലെ ആശുപത്രില്‍ ചികില്‍സയിലായിരുന്നു ജനീഷ്. പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഉമ തോമസിന് പരിക്കേറ്റ സംഭവത്തില്‍ ഇന്നലെ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഹൈക്കോടതി നടത്തിയിരുന്നു. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ച് നേരത്തക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവച്ചില്ലെന്നാണ് ഹൈക്കോടതി ചോദിച്ചത്. മനുഷ്യത്വം എന്നൊന്നില്ലേ. ഗാലറിയില്‍ നിന്ന് വീണ ഉമ തോമസ് എംഎല്‍എയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ? അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചിരുന്നു. ഉമ തോമസിന് പരിക്കേറ്റപ്പോള്‍ സംഘാടകര്‍ കാണിച്ചത് ക്രൂരതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.ഒരാള്‍ വീണ് തലയ്ക്ക് പരിക്കേറ്റ് കിടക്കുമ്പോഴും പരിപാടി തുടര്‍ന്നു. ഉമ തോമസിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കോടതി നിരീക്ഷണം പ്രതിയ്ക്ക് എതിരായി. ഇതോടെയാണ് അറസ്റ്റുണ്ടായത്.
കേസില്‍ ഒന്നാം പ്രതിയായ നിഗോഷ് കുമാര്‍ കോടതിയുടെ നിര്‍ദേശം പാലിച്ച് പൊലീസിനു മുന്‍പില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു കാണിച്ച് ജനീഷ് കീഴടങ്ങാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇന്നു രാവിലെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുംമുന്‍പാണ് ജനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇയാളെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച എം.എല്‍.എ.യെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. ഞായറാഴ്ച എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരോടും ഉമാ തോമസിന്റെ മക്കളോടും സംസാരിച്ചു. എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹനന്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍, ദീപ്തിമേരി വര്‍ഗീസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യത്തിന്റെ ഉദ്ഘാടനത്തിനു മുന്‍പാണ് ഉമാ തോമസ് വേദിയില്‍ നിന്നുവീണത്. താത്കാലികമായി കെട്ടിയുയര്‍ത്തിയ 15 അടി പൊക്കമുള്ള സ്റ്റേജില്‍ ഉറപ്പുള്ള കൈവരികളില്ലായിരുന്നു.