അമ്പത് ഏക്കര്‍ ഉണ്ടെങ്കിലും വിറ്റ് പോലും കടം വിട്ടാന്‍ കഴിയാത്ത നിയമ കുരുക്ക്; വഴയില പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയ സിസിടിവിയ്‌ക്കൊപ്പം ഡിഎന്‍എ പരിശോധനാ ഫലവും; കത്തികരിഞ്ഞത് എഞ്ചിനിയറിംഗ് കോളേജ് ഉടമയുടെ മൃതദേഹം എന്ന് സൂചന; മുഹമ്മദ് അസീസ് താഹയുടെ മരണത്തില്‍ നിറയുന്നത് ആത്മഹത്യാ വാദം മാത്രം

Update: 2025-01-07 07:30 GMT

തിരുവനന്തപുരം: പിഎ അസീസ് എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദഹം കണ്ടെത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധനാ ഫലത്തില്‍ മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹ തന്നെയെന്ന് തെളിഞ്ഞതായി സൂചന. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. താഹ പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആത്മഹത്യയാണെന്ന നിഗമനം ശക്തമാകുന്നത്. ഡിസംബര്‍ 31-നാണ് പി എ അസീസ് എന്‍ജിനീയറിങ് കോളേജിലെ പണി നടക്കുന്ന ഹാളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്തിനടുത്ത് നിന്ന് താഹയുടെ വാഹനവും പൊലീസ് കണ്ടെത്തിയിരുന്നു.

താഹയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. പെട്രോള്‍ കൊണ്ടുവന്ന ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുഹമ്മദ് അസീസ് താഹയുടെ മൊബൈലും കണ്ണടയും ചെരുപ്പും സംഭവസ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചു. ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതിനും തെളിവ് കിട്ടി. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളില്‍ ചൊവ്വാഴ്ച രാവിലെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തില്‍ നിന്നും പണം തിരികെ ലഭിക്കാനുള്ളവര്‍ ബഹളമുണ്ടാക്കിയതായി നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച അസീസ് കോളേജിനടുത്തുണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.

കൊല്ലം ഇരവിപുരം സ്വദേശിയായ അബ്ദുള്‍ അസീസ് താഹ പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാവിലെ ഹാളില്‍ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട കോളേജ് സ്റ്റാഫാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ സ്റ്റാഫ് നെടുമങ്ങാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന ഫോണിന്റെ ഗ്യാലറിയിലായിരുന്നു കുറിപ്പ്. കടബാദ്ധ്യത ഉണ്ടെന്നും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. നേരത്തേ എഴുതിയ ആത്മഹത്യ കുറിപ്പ് ഫോണില്‍ ഫോട്ടോ എടുത്ത് സൂക്ഷിച്ചതാണെന്ന് ഡിവൈഎസ്പി പറഞ്ഞു.

രാവിലെ 8.30തോടെയാണ് നെടുമങ്ങാട് കരകുളത്തെ പിഎ അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കോളേജിലെ നിര്‍മ്മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തിലെ ഹാളില്‍ തീ പടരുന്നതു കണ്ട് കോളേജ് ജീവനക്കാരന്‍ ഓടിയെത്തി. ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്ത് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു. പൊലീസിലും ഫയര്‍ഫോഴിസിലും ഇയാള്‍ വിവരം അറിയിച്ചു. അതിനിടെ ശരീരം പൂര്‍ണമായി കത്തി അമര്‍ന്നു.സ്ഥലത്തെത്തിയ നെടുമങ്ങാട് പൊലീസ് എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തലയോട്ടിയും എല്ലിന്‍കഷണങ്ങളും മാത്രമാണ് കണ്ടെടുക്കാനായത്. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു.

മുഹമ്മദ് അബ്ദുള്‍ അസീസ് താഹ വന്‍ കടബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ 28ന് വഴയിലയിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഇദ്ദേഹം പെട്രോള്‍ വാങ്ങിയിരുന്നു. ഒരു മാസമായി കോളേജിലെ ഓഫീസിലായിരുന്നു താമസം. സംഭവത്തിന് മൂന്നു ദിവസം മുമ്പ് മുതല്‍ പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല. കൊല്ലം ഇരവിപുരം സ്വദേശിയാണ്. വര്‍ഷങ്ങളായി പേയാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2003ല്‍ സ്ഥാപിതമായ പിഎ അസീസ് കോളേജിന് 50 ഏക്കറിലേറെ വസ്തുവകകളും കെട്ടിടങ്ങളും സ്വന്തമായുണ്ട്. ഏറെക്കാലം വിദേശത്തായിരുന്ന മുഹമ്മദ് അബ്ദുല്‍ അസീസ് താഹ നാട്ടില്‍ എത്തിയ ശേഷം 2000 ലാണ് കോളജ് ആരംഭിച്ചത്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയില്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു അധിക ബാച്ചിന് അഡ്മിഷന്‍ നല്‍കിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാനിടയാക്കിയിരുന്നു. കുറച്ചുകാലം അടച്ചിട്ടശേഷം അടുത്തിടെയാണ് കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. സാമ്പത്തിക പ്രശ്നങ്ങള്‍ താഹയെ അലട്ടിയിരുന്നതായി പറയുന്നു.

വസ്തുവകകള്‍ ക്രയവിക്രയം നടത്താന്‍ സാധിക്കാത്തതരത്തില്‍ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നത്രെ. ഇതുകാരണം വസ്തുവകകള്‍ വിറ്റ് കടം തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പറഞ്ഞതായി അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്താണ് താമസം. ചില ദിവസങ്ങളില്‍ കോളജ് വളപ്പില്‍ തന്നെയുള്ള മുറിയിലാണ് മുഹമ്മദ് അബ്ദുല്‍ അസീസ് താഹ താമസിച്ചിരുന്നതെന്ന് കോളജ് ജീവനക്കാര്‍ പറഞ്ഞു. ജില്ലയിലെ ശ്രദ്ധേയമായ എന്‍ജിനിയറിംഗ് കോളേജായി പി.എ.അസീസ് വളരുന്നതിനിടെ പലവിധ പ്രതിസന്ധികള്‍ അദ്ദേഹം നേരിട്ടിരുന്നു. നെടുമങ്ങാട് മുല്ലശേരി - വേങ്കോട് റോഡില്‍ അമ്പത് ഏക്കറിലാണ് പി.എ.അസീസ് കോളേജ് സ്ഥിതി ചെയ്യുന്നത്.മികച്ച കോഴ്‌സുകളുമായി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. 2003ല്‍ കോളേജ് ആരംഭിച്ച് ഏറെക്കാലം നല്ലരീതിയിലായിരുന്നു പ്രവര്‍ത്തനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായതിനെ തുടര്‍ന്ന് പ്രമുഖ കമ്പനികളേറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും കൈമാറാന്‍ മുഹമ്മസ് അസീസ് താഹ തയ്യാറായിരുന്നില്ലെന്നാണ് വിവരം.

Tags:    

Similar News