മകള്‍ക്ക് വാങ്ങി നല്‍കിയ കാര്‍ എറണാകുളം ടോള്‍ കടന്നപ്പോള്‍ മൊബൈലില്‍ സന്ദേശം എത്തി; കാര്‍ മോഷ്ടിച്ചുവെന്ന് സംശയിച്ച് മകളെ വിളിച്ചപ്പോള്‍ അമ്മയോട് പറഞ്ഞത് ഇടപ്പാളുകാരനുമായുള്ള പ്രണയം; മേഘയുടെ ശമ്പളമെല്ലാം പ്രണയ ചതിയില്‍ ഊറ്റി; നെടുമ്പാശ്ശേരിയിലെ എമിഗ്രേഷന്‍ വഞ്ചനയ്ക്ക് തെളിവുകള്‍ ഏറെ; മേഘയെ 'കൊന്ന' ഐബിക്കാരന് പണി പോകുമോ?
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥ, മേഘാ മധുസൂദനന്‍ തീവണ്ടിതട്ടി മരിച്ച സംഭവത്തിലെ ആരോപണ വിധേയനെതിരെ നടപടി വന്നേക്കും. ഇയാള്‍ക്കെതിരെ മേഘയുടെ അച്ഛന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഐബി പരിശോധിക്കുകയാണ്. സാമ്പത്തികാപഹരണം ആരോപിക്കപ്പെട്ടതോടെയാണ് ഇത്. മേഘയുടെ ശമ്പളം സുകാന്ത് സുരേഷ് വാങ്ങും. അതിന് ശേഷം കുറച്ച് ചെലവിനായി നല്‍കും. ഇതായിരുന്നു രീതിയെന്നാണ് ആരോപണം. സഹപ്രവര്‍ത്തകന്റെ പങ്ക് അന്വേഷിക്കണമെന്ന് അച്ഛന്‍ രംഗത്തു വന്നു കഴിഞ്ഞു. മേഘയ്ക്കൊപ്പം രാജസ്ഥാനില്‍ ജോധ്പൂരില്‍ ഐബിയുടെ ട്രെയിനിങ്ങിനായി ഒപ്പമുണ്ടായിരുന്ന ആളാണ് സുകാന്ത് സുരേഷ്. സുകാന്ത് ഐബിയില്‍ എറണാകുളത്താണ് ജോലിചെയ്യുന്നതെന്നും മേഘയുടെ അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.
ശനിയാഴ്ചയായിരുന്നു മേഘയുടെ മരണാനന്തരച്ചടങ്ങുകള്‍. ഇനി നീതി തേടിയിറങ്ങാനാണ് അച്ഛന്റെ തീരുമാനം. മേഘയുടെ ശമ്പളം മുഴുവന്‍ എട്ടുമാസമായി മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശിയായ സുകാന്ത് സുരേഷ് തട്ടിയെടുക്കുകയായിരുന്നെന്നാണ് അച്ഛന്‍ മധുസൂദനന്റെ ആരോപണം. ഇക്കാര്യം കാണിച്ച് അദ്ദേഹം ഐബി, എഡിജിപി, പേട്ട പോലീസ് സ്റ്റേഷന്‍, കൂടല്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രാക്കില്‍ തീവണ്ടിതട്ടി മരിച്ചനിലയില്‍ മേഘയെ കണ്ടത്. വിമാനത്താവളത്തിലെ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ശേഷമാണ് ഇവിടെ മരിച്ചനിലയില്‍ കണ്ടത്. ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ കാണുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
മേഘയുടെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് ശമ്പളമെല്ലാം സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കുടുംബം അറിയുന്നത്. അന്‍പതിനായിരം രൂപയോളം ശമ്പളമുണ്ടായിരുന്ന മേഘയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ ബാലന്‍സുള്ളത് 861 രൂപ മാത്രം. യുപിഐ അക്കൗണ്ട് വഴി മൂന്നരലക്ഷത്തോളം രൂപയാണ് സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതില്‍ ഹോസ്റ്റല്‍ഫീസിനും മറ്റ് ചെലവുകള്‍ക്കുമായി ഒന്നരലക്ഷത്തോളം രൂപ മേഘയുടെ അക്കൗണ്ടിലേക്ക് സുകാന്ത് തിരിച്ചിട്ടതായും ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമായിട്ടുണ്ട്. സ്റ്റേറ്റ്മെന്റിന്റെ പകര്‍പ്പ് ഐബിക്ക് നല്‍കിയിട്ടുണ്ട്. ഇത് ഐബി പരിശോധിക്കും. അതിന് ശേഷം നടപടികളിലേക്ക് കടക്കും.
മകളുടെ മരണത്തിനു കാരണം സുഹൃത്തുമായുള്ള സൗഹൃദം തന്നെയെന്ന് ഉറപ്പിക്കുകയാണ് ഐബി ഉദ്യോഗസ്ഥ മേഘയുടെ കുടുംബം. മേഘയെ അങ്ങേയറ്റം സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ട് സുകാന്ത് സുരേഷ്. മകളുടെ ശമ്പളം സമ്പാദ്യത്തിലേക്കു മാറ്റുകയാണെന്നാണ് കുടുംബം കരുതിയത്, എന്നാല്‍ സുകാന്ത് കടുത്ത സാമ്പത്തിക ചൂഷണം നടത്തുന്ന കാര്യം മേഘ വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. ട്രെയിനിങ് കഴിഞ്ഞതു മുതലുള്ള മേഘയുടെ ശമ്പളത്തിന്റ വലിയൊരു ഭാഗം സുകാന്ത് കൈക്കലാക്കുകയായിരുന്നു. മേഘയുടെ മരണശേഷം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ കൃത്യമായ തെളിവുകള്‍ കുടുംബത്തിനു കിട്ടിക്കഴിഞ്ഞു. ചില സമയങ്ങളില്‍ ആ പണം തിരിച്ച് കൊടുത്തിട്ടുണ്ടെങ്കിലും പിന്നീട് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത പണമൊന്നും തിരിച്ചുകിട്ടിയിട്ടില്ലെന്നും പിതാവ് മധുസൂദനന്‍ പറയുന്നു.
മേഘ ട്രെയിനിന് മുന്നില്‍ ചാടുമ്പോള്‍ ഫോണില്‍ സംസാരിച്ചിരുന്നത് മസുകാന്ത് സുരേഷ് പിയുമായാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മകള്‍ക്ക് സുകാന്ത് സുരേഷ് പിയുടെ ഭീഷണി ഉണ്ടായിരുന്നു. ഇതാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും കുടുംബം പറയുന്നു. സുകാന്തിനെനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയി. സുകാന്ത് പലവട്ടം തിരുവനന്തപുരത്ത് വന്നു. എന്നാല്‍ യാത്രാ ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. കൂടുതല്‍ ഭീഷണിയും ചൂഷണവും സംശയിക്കുന്നതായും കുടുംബം പറയുന്നു. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാന്‍ പണമില്ലാത്തതിനാല്‍ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. ഫെബ്രുവരി 28ന് കിട്ടിയ ശമ്പളം അടക്കം ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്.
മകള്‍ക്ക് സുകാന്തിനോട് ഇഷ്ടം ഉണ്ടായിരുന്നതായി മനസ്സിലാക്കിയരുന്നതായി അച്ഛന്‍ പറഞ്ഞു. അതിന്‍പ്രകാരം സുകാന്തിന്റെ വീട്ടുകാരോട് ഇവിടേക്കുവരാനും മകളോട് പറഞ്ഞിരുന്നു. എന്നാല്‍, സിവില്‍ സര്‍വീസ് എടുക്കണമെന്നും അച്ഛന് അസുഖമാണെന്നും പറഞ്ഞ് സുകാന്ത് അത് നീട്ടിക്കൊണ്ട് പോകുകയായിരുന്നു. മകള്‍ വീട്ടില്‍ വരുമ്പോള്‍ വണ്ടിക്കൂലി ഉള്‍പ്പെടെ നല്‍കാറുണ്ടായിരുന്നു. ആവശ്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ തിരുവനന്തപുരത്തുചെന്ന് അവ വാങ്ങി നല്‍കിയിരുന്നെന്നും അച്ഛന്‍ പറഞ്ഞു. ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നത്. ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്നാണ് മകള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. മകള്‍ക്ക് വാങ്ങി നല്‍കിയ കാര്‍ എറണാകുളം ടോള്‍ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാര്‍ മോഷണം പോയതാണെന്ന ധാരണയില്‍ മകളെ വിളിച്ചപ്പോഴാണ് മലപ്പുറം സ്വദേശിക്കൊപ്പം എറണാകുളത്താണ് മേഘയുള്ളതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെയാണ് ഇയാളുമായി പ്രണയത്തിലാണെന്ന് മകള്‍ ഭാര്യയോട് പറഞ്ഞതെന്നും മധുസൂദനന്‍ വിശദമാക്കുന്നത്.