ഒരു സംഘം വിമാനത്തിലെത്തും; മറ്റൊരു സംഘം കണ്ടൈനറിലും; ഗൂഗിള്‍ മാപ്പ് നോക്കി എടിഎം കൗണ്ടറുകള്‍ കണ്ടെത്തും; മൂന്നു വര്‍ഷം കൊണ്ട് മോഷ്ടിച്ചത് 300 കോടി; തൃശൂരില്‍ പിടിയിലായ മേവാത്തി ഗ്യാങ് സംസാരിക്കുന്നത് ഹരിയാനയിലെ പ്രാദേശിക ഭാഷ മാത്രം

കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ (സി.ഡി.എം.) വിരല്‍ ഉപയോഗിച്ചു നടത്തുന്ന സൂത്രപ്പണിയിലൂടെ പോലും തട്ടിപ്പു നടത്തുന്ന സംഘം

Update: 2024-09-29 03:09 GMT

തൃശൂര്‍: 'റോബിന്‍ഹുഡ്' സിനിമാ മോഡലില്‍ സി.ഡി.എം. (കാഷ് ഡിപ്പോസിറ്റ് മെഷീന്‍) കൗണ്ടറുകളില്‍ വ്യാപകമായ തട്ടിപ്പ് നടത്തുന്ന മേവാത്തി ഗ്യാങ്. കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ (സി.ഡി.എം.) വിരല്‍ ഉപയോഗിച്ചു നടത്തുന്ന സൂത്രപ്പണിയിലൂടെ പോലും തട്ടിപ്പു നടത്തുന്ന സംഘം. സി.ഡി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ യന്ത്രത്തില്‍ പണംവയ്‌ക്കേണ്ട ഭാഗത്ത് വിരല്‍ അമര്‍ത്തി, യന്ത്രം കേടാക്കും. ഇതോടെ മെഷീനില്‍ 'എറര്‍' എന്ന് കാണിക്കും. നിക്ഷേപിച്ച പണം തിരികെ എടുക്കുകയും ചെയ്യും. 'എറര്‍' കാണിക്കുന്നതിനാല്‍, നിക്ഷേപിച്ച പണം അക്കൗണ്ടില്‍ വരില്ല. പിന്നെ പരാതി നല്‍കും. ബാങ്കില്‍ നിന്ന് പണവും കൈക്കലാക്കും. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് ക്ലെയിം ചെയ്യുമ്പോള്‍ ബാങ്ക് അധികൃതര്‍ റെക്കോഡ് പരിശോധിക്കുമ്പോള്‍ 'എറര്‍' എന്ന് കാണുന്നതിനാല്‍ പണം തിരികെ അക്കൗണ്ടിലേക്കിടും. നിരവധി ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി ഇത്തരം തട്ടിപ്പിന് പുറമേയാണ് എടിഎം തകര്‍ത്തുള്ള മോഷണം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ എല്ലാം ചെയ്യുന്ന മേവാത്തി ഗ്യാങിലുള്ളവര്‍ക്ക് പക്ഷേ ഒരു ഭാഷയേ അറിയൂ. ഹരിയാനയിലെ പ്രാദേശിക ഭാഷ. അതുകൊണ്ട് തന്നെ മൊഴിയെടുപ്പ് അടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന് ബുദ്ധിമുട്ടാകും. അങ്ങനെ അവര്‍ രാജ്യം മുഴുവന്‍ എടിഎമ്മുകള്‍ കവര്‍ന്നു. ഒടുവില്‍ തൃശൂരിലും സംഘമെത്തി. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ക്ക് പിടിവീണു.

എസ്ബിഐയുടെ എടിഎമ്മുകളില്‍ കൂടുതലായും 500 രൂപയുടെ നോട്ടുകള്‍ ഉള്ളതുകൊണ്ടാണ് ഇവ മാത്രം ലക്ഷ്യമിടുന്നത്. ചെറിയ തുകയുടെ നോട്ടുകള്‍ കടത്താന്‍ ബുദ്ധിമുട്ടായതിനാലാണ് 500 രൂപ നോട്ടുകള്‍ ലക്ഷ്യമിട്ടത്. പല ബാങ്കുകളിലെയും എടിഎമ്മുകളില്‍ 200, 100 രൂപയുടെ നോട്ടുകള്‍ കൂടുതലുണ്ടാകും. തൃശൂരില്‍ കൊള്ള നടത്തിയ സംഘത്തിലെ 2 പേര്‍ ഡല്‍ഹിയില്‍നിന്ന് ചെന്നൈയില്‍ എത്തിയതു വിമാനമാര്‍ഗമാണ്. പാല്‍വാല്‍ കുടാവലി സ്വദേശി ഷബീര്‍ ലിയാഗത്ത് (26), പാല്‍വാല്‍ മല്ലൈ സ്വദേശി എസ്.ജൗഹീന്‍ ഖാന്‍ (23) എന്നിവരാണ് വിമാനമാര്‍ഗം ചെന്നൈയിലെത്തിയത്. 3 പേര്‍ കാറിലെത്തി. മറ്റുള്ളവര്‍ കണ്ടെയ്‌നര്‍ ലോറിയിലും. ഒന്നിച്ചുചേര്‍ന്ന ശേഷമാണു വിശദമായ ആസൂത്രണം നടത്തിയത്. ഷബീറും ജൗഹിനും തുറമുഖത്തെത്തി കണ്ടെയ്‌നര്‍ ലോറിയില്‍ കയറി തൃശൂരിലേക്കു പുറപ്പെട്ടു. കാറും കണ്ടെയ്‌നറില്‍ കയറ്റിയിരുന്നു.

ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാത്ത് കുറ്റകൃത്യങ്ങള്‍ക്കു പേരുകേട്ട പ്രദേശമാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബാങ്ക് കൊള്ള എന്നിവ മുതല്‍ പരീക്ഷയിലെ ആള്‍മാറാട്ടം വരെ 'മേവാത്ത്' ഗാങ്ങിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലുണ്ട്. മേവാത്ത് ഗാങ്ങിലെ, എടിഎമ്മുകള്‍ മാത്രം കവര്‍ച്ച ചെയ്യുന്ന പ്രഫഷനല്‍ സംഘമായിരുന്നു തൃശൂരില്‍ കവര്‍ച്ചയ്ക്ക് എത്തുന്നത്. ആക്രിയാകുന്ന പഴയ എടിഎം മെഷിനുകള്‍ വാങ്ങി അതിന്റെ പ്രവര്‍ത്തനം പഠിച്ചാണ് ഇവരുടെ പരിശീലനം. അതിനായി അവരുടെ നാട്ടില്‍ സൗകര്യമുണ്ട്. ആര്‍ക്കും എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയാത്ത അവരുടെ സാമ്രാജ്യമാണത്. ഒരു എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ മേവാത്ത് സംഘത്തിനു വേണ്ടിവരിക അരമണിക്കൂറില്‍ താഴെ മാത്രം. ലോഡ് ഇവിടെയിറക്കി തിരിച്ചുപോകുകയായിരുന്ന കണ്ടെയ്‌നറിലാണ് കവര്‍ച്ച മുതല്‍ കടത്തുക. തൃശൂരില്‍ എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ പൊലീസിനു വഴികാട്ടിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ണൂരില്‍ സമാനരീതിയില്‍ നടന്ന കവര്‍ച്ച. 2021 ഫെബ്രുവരി 21 ന് കണ്ണൂരിലെ കല്യാശ്ശേരി, മാങ്ങാട്, ഇരിണാവ് റോഡ് കവല എന്നിവിടങ്ങളിലെ മൂന്ന് എടിഎമ്മുകളില്‍നിന്ന് 24 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കേരള പൊലീസ് പിടികൂടിയത്.

ഹരിയാന, രാജസ്ഥാന്‍, യുപി എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും എടിഎം കൊള്ളകള്‍ക്കും കുപ്രസിദ്ധമായ മേവാത്ത് മേഖല. യുപിയിലെ മഥുര, രാജസ്ഥാനിലെ ഭരത്പുര്‍, ഹരിയാനയിലെ നൂഹ് ജില്ലകളിലായാണ് ഈ മേഖല വരുന്നത്. ജാര്‍ഖണ്ഡിലെ ജംതാരയ്ക്കു ശേഷം സൈബര്‍ കുറ്റകൃത്യങ്ങളില്‍ വളര്‍ന്നു വരുന്ന മേഖലയാണു മേവാത്ത്. 2020 നും 23 നും ഇടയില്‍ മേവാത്ത് മേഖലയിലെ 76 സംഘങ്ങള്‍ മാത്രം 336 കോടി രൂപയുടെ സൈബര്‍ തട്ടിപ്പുകള്‍ നടത്തിയതായാണു പൊലീസിന്റെ കണക്ക്. ഇന്ത്യയിലെ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ 18 ശതമാനവും നടക്കുന്നതു ഭരത്പുരിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ പ്രത്യേക പരിശീലനം ലഭിച്ചവരാണ് തൃശൂരിലും മോഷണത്തിന് എത്തിയത്.

കണ്ണൂരിലെ കവര്‍ച്ചയും തൃശൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവര്‍ച്ചയും തമ്മിലുള്ള സാമ്യം പൊലീസ് എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. 2021 ല്‍ കണ്ണൂരില്‍ കവര്‍ച്ച നടക്കുമ്പോള്‍ അവിടെ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആര്‍. ഇളങ്കോ ആണ് ഇപ്പോള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍. അതുകൊണ്ട് തന്നെ സംഘം ഏതെന്ന് ഇളങ്കോ വേഗത്തില്‍ തിരിച്ചറിഞ്ഞു. പിടിയിലായ മേവാത്തി ഗ്യാങ് തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ വ്യാപകമായി കവര്‍ച്ചയ്ക്കു പദ്ധതിയിട്ടിരുന്നതായി തമിഴ്‌നാട് പൊലീസ് പറയുന്നു. സേലം ഡിഐജി ഇ.എസ്.ഉമയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ ചോദ്യം ചെയ്തപ്പോഴാണു വിവരം ലഭിച്ചത്. ഗൂഗിള്‍ മാപ്പ് നോക്കി എടിഎം കൗണ്ടറുകള്‍ കണ്ടെത്തിയായിരുന്നു തൃശൂരിലെ മോഷണം. ഇതു തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു കണ്ടെത്തി.

തൃശൂരിലെ മോഷണത്തിനുശേഷം കോയമ്പത്തൂര്‍ സേലം ദേശീയപാതയിലെ എടിഎം കൗണ്ടറുകള്‍ കൊള്ളയടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. സമാന രീതിയിലുള്ള പല കവര്‍ച്ചകള്‍ക്കും ഇതേ ലോറി ഉപയോഗിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

Tags:    

Similar News