മിനി നമ്പ്യാരും സന്തോഷും സഹപാഠികള്‍ അല്ല; ആ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അടക്കം എല്ലാം ഭര്‍ത്താവിനോട് ബിജെപി നേതാവ് പറഞ്ഞ കള്ളക്കഥ; ഫെയ്‌സ് ബുക്കിലെ കമന്റില്‍ ലൈക്കടിച്ച് തുടങ്ങിയ സൗഹൃദം; അടുപ്പം മുറുകിയപ്പോള്‍ കാമുകനെ വീട് പണിയുടെ സഹായിയാക്കാന്‍ വേണ്ടി പറഞ്ഞതെല്ലാം പൊളി വചനങ്ങള്‍; മിനി നമ്പ്യാരൂടെ ഗൂഡാലോചന പോലീസ് പൊളിച്ചത് ഇങ്ങനെ
പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച കേസില്‍ ഭാര്യ മിനി നമ്പ്യാരുടെ ഗൂഡാലോചന പങ്ക് കണ്ടെത്തിയത് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍. ഫോണ്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്നു സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ ശ്രദ്ധയിലെത്തിച്ചു ജീവന്‍ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നതാണ് നിര്‍ണ്ണായകമായത്.
കൊലപാതകം നടന്ന മാര്‍ച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണ് ഗൂഢാലോചനയില്‍ മിനി നമ്പ്യാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള അടുപ്പം രാധാകൃഷ്ണന്‍ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണന്‍ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് തൊട്ടടുത്തുണ്ടായിരുന്ന മിനി നമ്പ്യാര്‍ വന്നില്ല. ഒരു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പിനു പ്രതി സന്തോഷ് അഭിപ്രായം രേഖപ്പെടുത്തി. ഇതിനു മിനി ലൈക്ക് നല്‍കി. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. ഈ പരിചയം വീട്ടിലെത്താന്‍ ഇരുവരും സഹപാഠികളാണെന്നു ഭര്‍ത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. സഹപാഠി ബന്ധത്തില്‍ പുതിയ വീട് നിര്‍മിക്കാനുള്ള ചുമതലയും സന്തോഷിനു നല്‍കി. ഇവര്‍ ഒരുമിച്ച് പഠിച്ചിട്ടില്ലെന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന സൂചന. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് വീണ്ടും സന്തോഷിനെ പരിചയപ്പെട്ടത് എന്നത് അടക്കമുള്ളത് ഇവര്‍ പറഞ്ഞ കള്ളമായിരുന്നത്രേ.
മാര്‍ച്ച് 20ന് വൈകിട്ടാണ് കൈതപ്രത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ വച്ച് രാധാകൃഷ്ണന്‍ വെടിയേറ്റു മരിക്കുന്നത്. ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം മിനി നമ്പ്യാര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് പിന്നീട് കണ്ടെത്തി. സന്തോഷിനു തോക്ക് നല്‍കിയ സിജോ ജോസഫിനെയും രണ്ടാഴ്ച മുന്‍പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് മിനിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദീര്‍ഘകാലമായി മിനി നമ്പ്യാര്‍ പ്രതി സന്തോഷുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. മിനിയുടെയും സന്തോഷിന്റെയും ഇടപെടലില്‍ സംശയം തോന്നിയ രാധാകൃഷ്ണന്‍ മിനിയുമായി വാക്ക് തര്‍ക്കം ഉണ്ടായി. പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്നു മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടില്‍ താമസമാക്കി. ഈ വീട്ടില്‍ പലപ്പോഴും സന്തോഷ് എത്താറുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഈ വീടിന് അടുത്താണ് രാധാകൃഷ്ണന്‍ വീട് വച്ചിരുന്നത്. ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറും ബിജെപി പ്രാദേശിക നേതാവുമായിരുന്നു കെ.കെ. രാധാകൃഷ്ണന്‍. മിനി നമ്പ്യാര്‍ ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.
കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നാലെ തന്നെ മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ കാരണം മനസ്സിലായത്. ചാറ്റുകളും വാട്‌സാപ്പ് കോളുകളും അത് ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.