ഹേമാ കമ്മറ്റിയിലെ 'സാധ്യത' തിരിച്ചറിഞ്ഞ് ബ്ലാക് മെയിലിംഗ്; ബാലചന്ദ്രമേനോന്റെ നിലപാട് കോടതിയില്‍ തെളിഞ്ഞത് കുരുക്കായി; മണിയന്‍പിള്ളയേയും ജയസൂര്യയേയും ജയിലില്‍ അടയ്ക്കാന്‍ കൊതിച്ച താരം ഇപ്പോള്‍ തമിഴ്‌നാട് പോലീസിന്റെ ഇരുട്ടറയില്‍; മലയാളി നടിയെ ഇരുചെവി അറിയാതെ പൊക്കിയ ആലുവ ഓപ്പറേഷന്‍; മിനു മുനീര്‍ ഊരാക്കുടുക്കില്‍
ചെന്നൈ: നടി മിനു മുനീറിന് കരുക്ക് മറുകും. ബന്ധുവായ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി പെണ്‍വാണിഭ സംഘത്തിനു കൈമാറിയെന്ന കേസ് നടിക്ക് കുരുക്കായി മാറും. ചെന്നൈ തിരുമംഗലം പൊലീസാണു ഇന്നലെ നടിയെ കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചെന്നൈയിലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.
2014ല്‍ 16 വയസ്സ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നല്‍കി മിനു ചെന്നൈ തിരുമംഗലത്തെ ഫ്‌ലാറ്റില്‍ എത്തിക്കുകയായിരുന്നു. ഓഡിഷന്‍ എന്നു പറഞ്ഞാണു കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന 6 പുരുഷന്‍മാര്‍ അപമര്യാദയായി പെരുമാറിയെന്നും അഡ്ജസ്റ്റ് ചെയ്യാന്‍ മിനു ആവശ്യപ്പെട്ടെന്നുമാണു പരാതി. ചെന്നൈയില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പെണ്‍കുട്ടി മീനുവുമായി അകന്നു കഴിഞ്ഞു. കേരളത്തിലാണ് ഇവര്‍ പരാതി നല്‍കിയത്. പിന്നീട് സംഭവം നടന്നതു തിരുമംഗലം പൊലീസ് പരിധിയില്‍ ആയതിനാല്‍ കേസ് തിരുമംഗലം പൊലീസിനു കൈമാറുകയായിരുന്നു.
ചെന്നൈ തിരുമംഗലം പൊലീസ് ബുധനാഴ്ച രാത്രി ആലുവയിലെത്തിയാണ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ രാവിലെ ചെന്നൈയില്‍ എത്തിച്ചു. നേരത്തെ, നടന്‍ ബാലചന്ദ്ര മേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മിനു മുനീര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു.
സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി നടന്മാര്‍ക്കെതിരെ മിനു മുനീര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും തന്നോടു മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം.
ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മിനു മുനീറിന്റെ അഭിഭാഷകന്‍ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയത്. ആലുവ ദേശത്തെ ഫ്‌ളാറ്റില്‍ നിന്ന് ബുധനാഴ്ച്ച രാത്രിയാണ് തമിഴ്‌നാട് തിരുമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മിനു മുനീര്‍ താമസിക്കുന്നതെങ്കിലും അവരെ അറിയിക്കാതെ തമിഴ്‌നാട് പൊലീസ് നേരിട്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.