കൊച്ചിയിലെ അലന്‍ വാക്കര്‍ ഷോയ്ക്കിടെ സ്മാര്‍ട്ട് ഫോണ്‍ മോഷണം; ഡല്‍ഹി ചോര്‍ ബസാറില്‍ ഫോണുകള്‍ എത്തിയെന്ന വിവരം; പിന്നാലെ മൂന്നു പ്രതികള്‍ ഡല്‍ഹിയില്‍ പിടിയില്‍; ഇവരില്‍ നിന്നും 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി
മോഷണം പോയത് വി.ഐ.പി ടിക്കറ്റെടുത്തവരുടെ മൊബൈല്‍ ഫോണുകള്‍
കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസില്‍ രാജ്യാന്തര പ്രശസ്തനായ നോര്‍വീജിയന്‍ ഡി.ജെ. അലന്‍ വാക്കറുടെ സംഗീതപരിപാടിക്കിടെ കൂട്ടത്തോടെ മൊബൈല്‍ ഫോണുകള്‍ മോഷണംപോയ സംഭവത്തില്‍ മൂന്നു പ്രതികളെ ഡല്‍ഹിയില്‍ പിടികൂടി. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകളും കണ്ടെത്തി. ഡല്‍ഹി ചോര്‍ ബസാറില്‍ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം രാജ്യ തലസ്ഥാനത്തെത്തിയത്. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികള്‍ പിടിയിലായത്.
കൊച്ചി ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന ഷോക്കിടെ 21 ഐ ഫോണുകളുള്‍പ്പെടെ 35 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നായിരുന്നു മുളവുകാട് പൊലീസിന് ലഭിച്ച പരാതി. ഈ മാസം ആറിന് ഞായറാഴ്ച വൈകീട്ടാണ് ഇ-സോണ്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സംഘാടനത്തില്‍ സണ്‍ബേണ്‍ അറീന ഫീറ്റ് അലന്‍ വാക്കര്‍ എന്ന സംഗീതനിശ അരങ്ങേറിയത്. കൃത്യമായ ആസൂത്രണത്തോടെ കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈല്‍ കവര്‍ന്നത്.
മുന്‍നിരയില്‍ 6000 രൂപയുടെ വി.ഐ.പി ടിക്കറ്റെടുത്തവരുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. ഇത്രയധികം ഫോണുകള്‍ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. പിടിയിലായ മൂന്നു പേരും സംഭവ ദിവസം കൊച്ചിയിലുണ്ടായിരുന്നെന്നാണ് വിവരം. അന്വേഷണ സംഘം ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്.
വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തുടനീളം 10 നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്. 5000ത്തിലേറെപേര്‍ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
മനഃപൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകള്‍ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍. അതിനിടെ അലന്‍ വാക്കറുടെ ബംഗളൂരു ഷോയ്ക്കിടെയും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.