രാവിലെ വീടിന് മുന്നിൽ പേടിപ്പെടുത്തുന്ന കാഴ്ച; രക്തത്തിൽ കുളിച്ച് വികൃതമായ നിലയിൽ സ്ത്രീയുടെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കണ്ട് പോലീസിന് സംശയം; ദുരൂഹതകൾ ബാക്കിയാക്കി ഭർത്താവിന്റെ ആ സന്യാസജീവിതം; അരുംകൊലയിൽ നടുങ്ങി നാട്

Update: 2025-08-07 11:50 GMT

ഡൽഹി: നാട്ടിൽ ഇപ്പോൾ കൊലപാതകങ്ങൾ വർധിച്ചുവരുകയാണ്. ഇപ്പോഴിതാ,നടുക്കുന്ന മറ്റൊരു കൊലപാതക വാർത്തയാണ് ഡൽഹിയിൽ നിന്നും പുറത്തുവരുന്നത്. പത്തുവർഷമായി കുടുംബത്തിൽനിന്ന് അകന്ന് സന്യാസിയായി കഴിഞ്ഞിരുന്നയാൾ മടങ്ങിയെത്തി ഭാര്യയെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയിരിക്കുകയാണ്. ദക്ഷിണ ഡൽഹിയിലെ നേബ് സരായിയിൽ ബുധനാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം നടക്കുന്നത്. രാവിലെ അയൽവാസികളാണ് കിരൺ ഝാ എന്ന സ്ത്രീയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ 4.09 ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെന്ന് സംശയിക്കുന്ന പ്രമോദ് ഝാ പുലർച്ചെ 12.50 ഓടെ കിരണിന്റെ വസതിയിൽനിന്ന് പുറത്തേക്ക് പോകുന്നത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറ്റകൃത്യത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടതായാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കുന്നു.

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബിഹാർ സ്വദേശിയായ പ്രമോദ്, ഹെൽത്ത് കെയർ അസിസ്റ്റന്റായ ഭാര്യയിൽനിന്ന് വേർപിരിഞ്ഞാണ് കഴിഞ്ഞ 10 വർഷമായി താമസം. ബിഹാറിലെ മുൻഗർ ജില്ലയിലെ ചിഡിയാബാദ് ഗ്രാമത്തിൽനിന്ന് ഓഗസ്റ്റ് ഒന്നിനാണ് ഇയാൾ ഡൽഹിയിൽ തിരിച്ചെത്തിയത്.

മകൻ ദുർഗേഷ്, മരുമകൾ കമൽ, പേരക്കുട്ടി എന്നിവർക്ക് ഒപ്പമാണ് കിരൺ താമസിച്ചിരുന്നത്. ബിഹാറിലെ ദർഭംഗയിലുള്ള ഒരു മൈക്രോ ഫിനാൻസ് കമ്പനിയിലാണ് ദുർഗേഷ് ജോലിചെയ്യുന്നത്. കൊലപാതകം നടക്കുമ്പോൾ അദ്ദേഹം ഡൽഹിയിൽ ഉണ്ടായിരുന്നില്ല.

പ്രതിയെ കണ്ടെത്താനായി നിരവധി പോലീസ് സംഘങ്ങളെ നിയോഗിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. "കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടന്നുവരികയാണ്," ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News