ഭൂമി ഇടപാടിനുള്ള പണവുമായി എത്തി; ബൈക്കില്‍ നിന്നും പണം സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് കുരങ്ങന്‍; പിന്നാലെ മരത്തില്‍ നിന്നും നോട്ടുമഴ; ഉടമയ്ക്ക് നഷ്ടമായത് 28,000 രൂപ

മരത്തില്‍ നിന്നും നോട്ടുമഴ; ഉടമയ്ക്ക് നഷ്ടമായത് 28,000 രൂപ

Update: 2025-08-28 10:16 GMT

കാണ്‍പൂര്‍: ഭൂമി ഇടപാടിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി വീട്ടില്‍ നിന്നും അഭിഭാഷകനൊപ്പം ഇറങ്ങിയ അധ്യാപകന് കുരങ്ങന്‍ കാരണം തന്റെ പണം നഷ്ടമാകുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ദോദാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രോഹിതാഷ് ചന്‍ര എന്ന അദ്ധ്യാപകനാണ് പണം നഷ്ടമായത്. രോഹിതാഷ് സഞ്ചരിച്ച ബൈക്കില്‍ നിന്ന് പണം നിറച്ച ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി നോട്ടു മഴ പെയ്യിക്കുകയായിരുന്നു കുരങ്ങന്‍. ഉത്തര്‍പ്രദേശിലെ ബിദുനയിലാണ് വിചിത്രമായ സംഭവം.

ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. 500 രൂപ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. നോട്ടു മഴ കണ്ടതോട സമീപത്തുണ്ടായിരുന്നവര്‍ പണം പെറുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രോഹിതാഷ് ചന്‍ര തന്റെ അഭിഭാഷകനോടൊപ്പം ഭൂമി ഇടപാടിനുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തഹസില്‍ ഓഫീസിലെത്തിയതായിരുന്നു. 80,000 രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഇവര്‍ രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് കുരങ്ങന്‍ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറിയത്.


മരത്തില്‍ കയറിയ ശേഷം കുരങ്ങന്‍ ബാഗ് പരിശോധിച്ചു. എന്നാല്‍ ബാഗിനകത്ത് ഭക്ഷണമൊന്നും കാണാത്തതിനെ തുടര്‍ന്ന് നോട്ടുകള്‍ താഴേക്ക് എറിയാന്‍ തുടങ്ങുകയായിരുന്നു. ഇത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന നിരവധി പേര്‍ പണം എടുക്കാന്‍ ഓടി. ചിലര്‍ പണം ശേഖരിച്ച് ഉടമയ്ക്ക് മടക്കിക്കൊടുത്തെങ്കിലും മറ്റു ചിലര്‍ പണവുമായി കടന്നു കളയുകയായിരുന്നു. എന്തു ചെയ്യുമെന്ന് അന്താളിച്ച് നിന്ന രോഹിതാഷ് തന്റെ പണം വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും കൂടി നിന്ന ചിലരുടെ സഹായത്തോടെ 52,000 രൂപ മാത്രമേ തിരികെ ലഭിച്ചുള്ളൂ.

ബാക്കി 28,000 രൂപ കീറിപ്പോവുകയോ മറ്റുള്ളവര്‍ കൊണ്ടുപോകുകയോ ചെയ്തു.വളരെക്കാലമായി പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമാകുകയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ബാഗുകള്‍, പേപ്പറുകള്‍, പ്രധാനപ്പെട്ട രേഖകള്‍ എന്നിവയാണ് കുരങ്ങുകള്‍ പലപ്പോഴും തട്ടിയെടുക്കുന്നത്. അവ ചിലപ്പോള്‍ നശിപ്പിക്കുകയും തഹസില്‍ദാര്‍ ഓഫീസ് സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Similar News