കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയി; മോഷണം നടന്നത് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച്; മോഷണ വിവരം അറിഞ്ഞത് അമ്മ സ്വര്‍ണം കൈപ്പറ്റാന്‍ എത്തിയപ്പോള്‍; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയി

Update: 2025-10-25 09:32 GMT

കൊല്ലം: കൊല്ലത്ത് മൃതദേഹത്തിലെ ആഭരണങ്ങള്‍ ആശുപത്രിയില്‍ നിന്ന് മോഷണം പോയി. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് സംഭവം. ആശുപത്രി നഴ്സിങ് വിഭാഗത്തിന്റെ പരാതിയില്‍ പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊല്ലപ്പെട്ട ഡിഎംകെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറി ശാലിനിയുടെ മൃതദേഹത്തിലെ ആഭരണങ്ങളാണ് ആശുപത്രിയില്‍ നിന്ന് മോഷണം പോയത്. കഴിഞ്ഞ മാസം 22നാണ് ശാലിനി കൊല്ലപ്പെട്ടത്. ഭര്‍ത്താവാണ് ശാലിനിയെ കൊലപ്പെടുത്തിയത്.

ശാലിനിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഐസക് മാത്യു സമൂഹമാധ്യമത്തില്‍ കൊലപാതക വിവരം പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റും മുന്‍പ് മൃതദേഹത്തിലെ ആഭരണങ്ങള്‍ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി അവിടെയുള്ള അലമാരയില്‍ വെച്ചു.

ഒരു ജോഡി പാദസരം, കമ്മല്‍, രണ്ട് മോതിരം, ഒരു വള എന്നിവ ഉള്‍പ്പെടെ 20 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണിവ. സ്വര്‍ണം കൈപ്പറ്റാന്‍ ശാലിനിയുടെ അമ്മ ലീല മൂന്നു ദിവസം മുന്‍പ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയെന്നും പൊലീസില്‍ പരാതി നല്‍കിയെന്നും അധികൃതര്‍ അറിയിക്കുന്നത്. രണ്ടാഴ്ച മുന്‍പും ആഭരണങ്ങള്‍ ഏറ്റുവാങ്ങാനായി ലീലാമ്മ ആശുപത്രിയില്‍ എത്തിയിരുന്നു.

അലമാരയില്‍ പൂട്ടി വെച്ചിരിക്കുകയാണെന്നും താക്കോല്‍ മറ്റൊരാളുടെ കയ്യില്‍ ആണെന്നുമാണ് നഴ്സുമാര്‍ അന്ന് പറഞ്ഞ് ഒഴിഞ്ഞത്. ഈ മാസം 8നും 11നും ഇടയില്‍ മോഷണം നടന്നെന്നാണ് നഴ്‌സിങ് വിഭാഗത്തിലെ ജീവനക്കാരി സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News