കുളിമുറിയിൽ നിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങുന്നില്ല; പിതാവിന് തോന്നിയ സംശയം; വാതിൽ തകർത്ത് അകത്തുകയറിതും ദാരുണ കാഴ്ച; വിഷവാതകം ശ്വസിച്ച് സഹോദരിമാരുടെ മരണം
മൈസൂരു: ഗീസറിൽ നിന്നുണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരണപ്പെട്ടു. മൈസൂരു പെരിയപട്ണയിലാണ് ദാരുണ സംഭവം നടന്നത്. ഗുൽപം താജ് (23), സിമ്രാൻ താജ് (20) എന്നിവരാണ് മരിച്ചത്. ഇരുവരെയും കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഒരുങ്ങുന്നതിനിടെയാണ് സഹോദരിമാർ ഒന്നിച്ച് കുളിക്കാനായി പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുളിമുറിയിൽ നിന്ന് ഇവർ പുറത്തുവരാത്തതിനെ തുടർന്ന് പിതാവ് അൽത്താഫിന് സംശയം തോന്നി. അദ്ദേഹം വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ഇരുവരും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, യാത്രാമധ്യേ തന്നെ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
ഗീസറിൽ നിന്നുണ്ടായ വിഷവാതകമാണ് മരണത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. കുളിമുറിക്ക് ആവശ്യത്തിന് വെന്റിലേഷൻ സൗകര്യങ്ങൾ ഇല്ലായിരുന്നതായും പോലീസ് പറഞ്ഞു.
ഈ വീട് വാടകയ്ക്ക് എടുത്തതായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. മരണപ്പെട്ട സഹോദരിമാരുടെ കുടുംബം അതീവ ദുഃഖിതരാണ്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വീടിൻ്റെ ഉടമയടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വീടുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടതിൻ്റെ പ്രാധാന്യം സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.