മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച് അച്ഛന്‍ വില്‍പ്പന നടത്തിയെന്ന കേസ് കെട്ടുകഥ; പൊലീസ് വീട്ടിലെത്തി പരാതി ചോദിച്ച് എഴുതി വാങ്ങിയത്; സിസി ടിവി ദൃശ്യങ്ങള്‍ സഹിതം ഡിഡബ്ല്യുസിക്ക് പരാതി നല്‍കിയെന്ന് പത്തുവയസുകാരന്റെ അമ്മ; ആരോപണം തള്ളി തിരുവല്ല പൊലീസ്

മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച് അച്ഛന്‍ വില്‍പ്പന നടത്തിയെന്ന കേസ് കെട്ടുകഥ

Update: 2025-03-10 12:35 GMT

പത്തനംതിട്ട: തിരുവല്ലയില്‍ പത്ത് വയസ്സുകാരനെ അച്ഛന്‍ ലഹരി കടത്തിനായി ഉപയോഗിച്ചു എന്ന ആരോപണം കെട്ടുകഥയെന്ന് കുട്ടിയുടെ അമ്മ. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നല്‍കാന്‍ പൊലീസാണ് നിര്‍ദേശം നല്‍കിയതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ജ്യൂസ് കുടിക്കാനാണ് അച്ഛനൊപ്പം കുട്ടി പോയത്.

കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് അമ്മ ആരോപിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരാതി എഴുതി നല്‍കാന്‍ കുടുംബത്തോട് ആവശ്യപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കി. കുട്ടിയുടെ അമ്മയും അച്ഛനും ഒരു വര്‍ഷമായി പിണങ്ങിക്കഴിയുകയാണ്. അ്മമ വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച് വില്‍പ്പന നടത്തിയിട്ടില്ലെന്നും ഒരു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണെന്നും ഇവര്‍ പറഞ്ഞു. ഡിവൈഎസ്പിക്ക് അബദ്ധം പറ്റിയതാണെന്ന് പൊലീസുകാര്‍ പിന്നീട് വിശദീകരിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിഡബ്ല്യുസിക്ക് പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു. പൊലീസ് വീട്ടിലെത്തി പരാതി എഴുതി നല്‍കാന്‍ കുടുംബത്തോട് ആവശ്യപ്പെടുന്ന സിസിടിവി ദൃശ്യം സഹിതമാണ് പരാതി കൊടുത്തത്.

എന്നാല്‍, കുട്ടിയുടെ അമ്മയുടെ ആരോപണം പൊലീസ് തള്ളി. കുട്ടിയെ ലഹരി വില്‍പനയ്ക്ക് ഉപയോഗിച്ചെന്ന കേസ്, അമ്മയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് തിരുവല്ല ഡിവൈഎസ്പിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് 39കാരനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരി വില്പന നടത്തിയിരുന്നുവെന്ന് കണ്ടെത്തിയത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് പ്രതി മൊഴി നല്‍കിയത്.

പത്തു വയസുകാരനായ മകന്റെ ശരീരത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ എംഡിഎംഎ സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടര്‍ന്ന് സാധരണ നിലയില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ആവശ്യക്കാര്‍ക്ക് രാസലഹരി നല്‍കാറുണ്ടെന്നായിരുന്നു മൊഴി.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും ഇയാള്‍ ലഹരിയെത്തിച്ച് നല്‍കിയതെന്നും ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News