സിപിഎമ്മിലെ കത്ത് വിവാദത്തിലെ പകപോക്കല്‍: വ്യാജ നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി അറസ്റ്റു ചെയ്ത മുഹമ്മദ് ഷെര്‍ഷാദിനെ കൊച്ചിയില്‍ എത്തിച്ചു; ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജറാക്കാന്‍ എത്തിച്ചത് കൈവിലങ്ങ് അണിയിച്ച്; സിപിഎമ്മിന്റെ പകപോക്കലെന്ന ആരോപണം ശക്തം
സിപിഎമ്മിലെ കത്ത് വിവാദത്തിലെ പകപോക്കല്‍: നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി അറസ്റ്റു ചെയ്ത മുഹമ്മദ് ഷെര്‍ഷാദിനെ കൊച്ചിയില്‍ എത്തിച്ചു
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ കൊച്ചിയിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ഷെര്‍ഷാദിനെ കൊച്ചിയിലെത്തിച്ചത്. കൊച്ചി സ്വദേശികളില്‍ നിന്ന് നാല്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് പൊലീസിന്റെ നടപടി. കൊച്ചിയില്‍ എത്തിച്ചു പ്രാഥമിക ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ഉച്ചയോടെ പൊലീസ് കോടതിയില്‍ ഹാജരാക്കാാന്‍ എത്തിച്ചു.
സിപിഎം ഉന്നത നേതാക്കളുടെ നിര്‍ദേശം അനുസരിച്ചു കൊണ്ടാണ് പോലീസിന്റെ നടപടികളും. കൈവിലങ്ങ് അണിയിച്ച് എത്തിച്ച ഷെര്‍ഷാദിനെ സെല്ലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കോടതിയില്‍ എത്തിച്ചതും കൈവിലങ്ങ് അണിയിച്ചാണ്. പാര്‍ട്ടി സെക്രട്ടറിയെ വിമര്‍ശിച്ചതിന്റെ പകപോക്കലാണ് ഇപ്പോഴത്തെ കേസെന്ന ആരോപണം ശക്തമാണ്. പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയര്‍ന്ന ലാഭവിഹിതവും, ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാല്‍, സ്ഥാപനത്തിലെ നിക്ഷേപകരായര്‍ പരാതി നല്‍കിയത് സിപിഎമ്മിന്‍രെ ഭീഷണി മൂലമാണെന്ന ആക്ഷേപം ശക്തമാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മകനും എതിരെ ഇയാള്‍ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎം നേതാക്കള്‍ക്കെതിരെ സിപിഎം പോളിറ്റ് ബ്യുറോക്ക് മുഹമ്മദ് ഷര്‍ഷാദ് പരാതി അയച്ചത് വലിയ വിവാദമായിരുന്നു. യുകെയിലെ വിവാദ ദല്ലാളായ വ്യക്തി സിപിഎം നേതാക്കളുടെ ബിനാമി എന്നായിരുന്നു മുഹമ്മദ് ഷര്‍ഷാദിന്റെ ആരോപണം.
ഇതില്‍ നേതാക്കള്‍ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഓഗസ്റ്റില്‍ കൊച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് നിലവില്‍ അറസ്റ്റ്. കൂടുതല്‍ പരാതികള്‍ എത്തിക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ അഴിക്കുള്ളിലാക്കുമെന്ന സന്ദേശംനല്‍കലാണ് അറസ്റ്റെന്ന സൂചന നല്‍കാനാണ് ഷെര്‍ഷാദിനെ കേസില്‍ കുടുക്കിയതിലൂടെ വ്യക്തമാകുന്നത്.
ഇതേത്തുടര്‍ന്ന് രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഷെര്‍ഷാദിനും സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശരവണനുമെതിരേയാണ് കേസ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഷെര്‍ഷാദ്, ആരോപണം ഉന്നയിച്ചിരുന്നു. പരാതിയായി സിപിഎം പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു. ഇത് വിവാദവുമായിരുന്നു. ഇതിന് ശേഷമാണ് ഷെര്‍ഷാദിനെതിരെ പരാതി എത്തുന്നത് എന്നതും ശ്രദ്ധയമാണ്. ആഗസ്റ്റ് മാസത്തിലാണ് എം വി ഗോവിന്ദനും മകനുമെതിരെ ഷെര്‍ഷാദ് കത്തയച്ച വിവരം പുറത്തുവന്നത്. ഈ ആരോപണത്തില്‍ ഒരു വശത്ത് സിപിഎമ്മിന്റെ ലണ്ടനിലെ ദല്ലാളും ഉള്‍പ്പെട്ടിരുന്നു. ഈ വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ കേസ് മുഹമ്മദ് ഷെര്‍ഷാദിനെ കേസ് എടുത്തത്.
ഈ മാസം 16ാം തീയ്യതിയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2023ല്‍ പണം വ്യവസായ ആവശ്യത്തിന് പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്തു കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് പേരാണ് പരാതി നല്‍കിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 316,318(1),318(3),318(4),61(2),3(5) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ.
പരാതിക്കാരുമായി സാമ്പത്തിക ഇടപാടും നടത്തിയിട്ടുണ്ടെന്നും പണം നല്‍കിയിട്ടുണ്ടെന്നുമാണ് ഷെര്‍ഷാദിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ഉയര്‍ന്നത് വ്യാജ പരാതിയാണെന്നും അവര്‍ വാദിക്കുന്നു. ഇപ്പോഴത്തെ പരാതിക്കും കേസിനും പിന്നില്‍ രാഷ്ട്രീയ തല്‍പ്പര്യങ്ങളാണെന്നും ഇവര്‍ വാദിക്കുന്നു. സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാട് പരാമര്‍ശിച്ച് പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ പരാതി കത്ത് ചോര്‍ന്നതാണ് മുന്‍പ് വിവാദമായത്. കത്ത് ചോര്‍ത്തിയത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് എന്ന് സംശയിക്കുന്നതായി പരാതിക്കാരനായ ഷര്‍ഷാദ് ആരോപിച്ചു രംഗത്തുവന്നിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ഇടനിലനിന്ന ലണ്ടനിലെ ദല്ലാളിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തഴയപ്പെട്ടെന്നും ഇടപെട്ടത് പി ശശിയെന്നും ഷര്‍ഷാദ് ആരോപിച്ചിരുന്നു.
പാര്‍ട്ടി അംഗമായ ലണ്ടനിലെ ദല്ലാളിനായി ഇടനില നിന്നുവെന്നും പരാതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ലണ്ടന്‍ പ്രതിനിധിയെന്ന നിലയില്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ ദല്ലാളിനെ പരാതിയെ തുടര്‍ന്ന് തിരിച്ചയക്കുകയും ചെയ്തിരുന്നു. ലണ്ടന്‍ പ്രതിനിധി ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ മാനഷ്ടക്കേസില്‍ ഈ രേഖയും ചേര്‍ത്തതോടെയാണ് വിവാദം മുറുകിയത്. പിബിക്ക് കിട്ടിയ രഹസ്യ രേഖ ചോര്‍ന്നതെങ്ങനെ, ആരു ചോര്‍ത്തി, പരാതി എന്തിന് മാനനഷ്ടക്കേസിനൊപ്പം രേഖയാക്കി തുടങ്ങിയ ചോദ്യങ്ങളാണ് അന്ന് ഷെര്‍ഷാദ് ഉയര്‍ത്തിയത്. കത്ത് ചോര്‍ത്തിയത് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് സംശയിക്കുന്നുവെന്നും ഷെര്‍ഷാദ് ആരോപിച്ചു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
ഇപ്പോഴത്തെ പരാതിയും കേസും സിപിഎം രാഷ്ട്രീയത്തില്‍ തലവേദന ഉണ്ടാക്കിയതിന്റെ നിക്ഷേപ തട്ടിപ്പു കേസെന്നാണ് ഉയരുന്ന ആരോപണം. സമീപകാലത്ത് സിപിഎമ്മിന് തലവേദനയുണ്ടാക്കിയവര്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിടുന്നു എന്ന ആക്ഷേപം ശക്തമായിരുന്നു. ആ നിലയിലാണ് ഷെര്‍ഷാദിന്റെ കേസും ചര്‍ച്ചയാകുന്നത്.
