ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന വ്യവസായി ദീപക് കോത്താരിയില്‍ നിന്നും ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവും വാങ്ങിയത് 60 കോടി; പണം വാങ്ങി ചിലവഴിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; 15 കോടി രൂപ ശില്‍പയുടെ കമ്പനിയിലേക്ക് മാറ്റി; സാമ്പത്തിക തട്ടിപ്പില്‍ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍
ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവും വാങ്ങിയത് 60 കോടി;
മുംബൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നാല് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ജുഹു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടിയുടെ ഭര്‍ത്താവുള്‍പ്പടെ അഞ്ച് പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ അന്വേഷണം നടത്തുന്ന ഇകണോമിക്‌സ് ഒഫന്‍സീവ് വിങിന്റെ (ഇ.ഒ.ഡബ്ല്യൂ) നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
താരത്തിന്റെ മുംബൈയിലെ വീട്ടില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ തട്ടിപ്പില്‍ നടിക്കുള്ള പങ്കിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുമാണ് ചോദ്യം ചെയ്തത്. ഫണ്ടുകളുടെ ഒഴുക്കിനെ കുറിച്ചും ആരോപണവിധേയമായ തുകയുടെ കൈമാറ്റങ്ങളുടെ ഉദേശ്യവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. തട്ടിയെടുത്ത തുകയില്‍ നിന്നും 15 കോടി രൂപ ശില്‍പയുടെ ഉടമസ്ഥതയിലുള്ള കമ്പനി അക്കൗണ്ടിലേക്ക് മാറ്റിയതായും ആരോപിക്കപ്പെടുന്നുണ്ട്.
ബെസ്റ്റ് ഡീല്‍ ടി.വി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികള്‍ വ്യവസായി ദീപക് കോത്താരിയില്‍ നിന്ന് 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2015നും 2023നും ഇടയില്‍ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികള്‍ 60 കോടി രൂപ വാങ്ങിയ ശേഷം ഈ പണം വ്യക്തപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു.
ലോട്ടസ് ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്ടറാണ് കോത്താരി. ഹോം ഷോപ്പിങ്, ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടി.വി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായിരുന്ന ദമ്പതികളെ പരിചയപ്പെടുത്തിയത് രാജേഷ് ആര്യ എന്ന വ്യക്തിയാണെന്നും കോത്താരിയുടെ പരാതിയില്‍ പറയുന്നുണ്ട്. കമ്പനിയുടെ 87.6% ഓഹരികളും ദമ്പതികളുടെ കൈവശമായിരുന്നു. ആദ്യം 12% പലിശക്ക് 75 കോടി രൂപയുടെ വായ്പ ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ഉയര്‍ന്ന നികുതി ഒഴിവാക്കുന്നതിനായി ഒരു നിക്ഷേപമായി ഫണ്ട് ഉപയോഗിക്കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും പ്രതിമാസ വരുമാനവും മുതലിന്റെ തിരിച്ചടവും ഉറപ്പുനല്‍കിയെന്നും കോത്താരി അവകാശപ്പെട്ടു.
2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു ദമ്പതികള്‍ക്ക് കോത്താരി കൈമാറി. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും അദ്ദേഹം പറയുന്നു. എന്നാല്‍ 2016 സെപ്റ്റംബറില്‍ അവര്‍ ബെസ്റ്റ് ഡീല്‍ ടി.വിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് ഇടനിലക്കാരന്‍ രാജേഷ് ആര്യ വഴി തന്റെ പണം തിരിച്ചുപിടിക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും കോത്താരി ആരോപിച്ചു. നടിയും ഭര്‍ത്താവും തന്റെ ഫണ്ട് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.