'സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കി'യെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി; അന്വേഷണം നീങ്ങുന്നത് മുരാരി ബാബുവിലേക്ക്; മുരാരി ബാബു ജോലി ചെയ്ത ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേട് ആരോപണം; അറസ്റ്റ് ഉടനെന്ന് എസ്‌ഐടി

'സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കി'യെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി

Update: 2025-10-19 01:30 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഇനിയും വഴിത്തിരിവുകള്‍ക്ക് സാധ്യത. ഉണ്ണികൃഷ്ണന്‍ പോറ്റിയുട മൊഴിയെ അടിസ്ഥാനമാക്കിയാണ് കേസ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ഉന്നതരിലേക്കാണ് പോറ്റി വിരല്‍ചൂണ്ടിയത്. കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയെന്ന് പോറ്റി വെളിപ്പെടുത്തി. ഇന്നലെ പോറ്റിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് സൂചന. കേസില്‍ മറ്റൊരു പ്രതിയായ മുരാരി ബാബുവിന്റെ അറസ്റ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പിന്തള്ളി, സസ്പെന്‍ഷനിലുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ബി. മുരാരി ബാബു ഒന്നാംപ്രതിയായേക്കുമെന്നും സൂചനകളുണ്ട്. കേസിനാസ്പദമായ സ്വര്‍ണക്കടത്ത് നടക്കുമ്പോള്‍ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ശബരിമലയില്‍ മാത്രമല്ല, ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ മുരാരി ബാബു ജോലിചെയ്ത ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന സൂചനയാണ് പ്രത്യേകാന്വേഷണസംഘത്തിന് (എസ്.ഐ.ടി) ലഭിച്ചത്.

തിരുനക്കര പൂരവുമായി ബന്ധപ്പെട്ട് ആനയെഴുന്നള്ളിപ്പിന്റെ മറവിലും വെട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നു. ഇവയെല്ലാം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിനൊപ്പം അന്വേഷണപരിധിയില്‍ വരുമോയെന്നു വ്യക്തമല്ല. ശബരിമലയില്‍ 2004-08 കാലയളവില്‍ കീഴ്ശാന്തിയുടെ പരികര്‍മിയായാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ രംഗപ്രവേശം. 1998-ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന വിവരമടക്കം മനസിരുത്തിയായിരുന്നു സ്പോണ്‍സറെന്ന നിലയിലും വഴിപാടുകളുടെ ഇടനിലക്കാരനെന്ന നിലയിലുമുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍.

സ്പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ മറയാക്കി തട്ടിപ്പ് നടത്തിയാല്‍ കുടുങ്ങില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു മുരാരിയടക്കമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍. ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന കെ. സുനില്‍കുമാര്‍, ശബരിമല അഡ്മിനിസ്ട്രേ റ്റീവ് ഓഫീസര്‍മാരായി വിരമിച്ച എസ്. ശ്രീകുമാര്‍, മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജു, ആര്‍.ജി. രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍, തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍.

ദ്വാരപാലകശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശി സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തയാറാണെന്നും അതിന് അനുവാദം നല്‍കാവുന്നതാണെന്നും ചൂണ്ടിക്കാട്ടി മുരാരി ബാബുവാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന്, സ്വര്‍ണം പൂശലിന് അനുവാദം തേടി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ 2019 ജൂണ്‍ 18-ന് ദേവസ്വം ബോര്‍ഡിനു കത്ത് നല്‍കി. അതിലും ചെമ്പുപാളികളും തകിടുകളും എന്നാണ് പരാമര്‍ശിച്ചത്.

മുരാരി ബാബുവും സുധീഷ്‌കുമാറും 1998-നു മുമ്പ് ദേവസ്വം ബോര്‍ഡില്‍ ജോലിക്കു കയറിയവരാണ്. ശബരിമല ശ്രീകോവില്‍ വ്യവസായി വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞുനല്‍കിയ വിവരം ഇവര്‍ക്കറിയാമായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ സ്പോണ്‍സര്‍ഷിപ് ഏറ്റെടുത്ത് സന്നിധാനത്ത് എത്തിയപ്പോള്‍ മുതല്‍ സ്വര്‍ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ക്കടക്കം അതില്‍ പങ്കുണ്ടെന്നുമാണ് പോറ്റിയുടെ മൊഴി. മുരാരി ബാബുവിനു പിന്നില്‍ പല ഉന്നതരുമുള്ളതായി എസ്.ഐ.ടി. സംശയിക്കുന്നു.

കഴിഞ്ഞ ദിവസാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു. പോറ്റിയുടെ ഭൂമി ഇടപാടില്‍ ദുരൂഹതയൂണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു.

ചില രേഖകള്‍ നശിപ്പിച്ചെന്ന സംശയത്തില്‍ കരിയില കത്തിച്ച സ്ഥലത്തും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും വീട്ടില്‍ ഉണ്ടായിരുന്ന രേഖകകളും പിടിച്ചെടുത്തു. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെ എസ്‌ഐടി പരിശോധന നടത്തിയത്.

Tags:    

Similar News