അനുരൂപ് ബാങ്കിലെത്തിയത് ഭാര്യയെ കൊല്ലാന്‍ തന്നെ; ബാങ്കിന് പുറത്തേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെ കൊടുവാള്‍ കൊണ്ട് വെട്ടി; ആക്രമണത്തിന് പിന്നില്‍ കുടുംബവഴക്ക്; അനുപമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അനുരൂപ് ബാങ്കിലെത്തിയത് ഭാര്യയെ കൊല്ലാന്‍ തന്നെ
കണ്ണൂര്‍ : കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് എസ്.ബി.ഐ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ കൊല്ലാന്‍ തന്നെയാണ് കൊടുവാളുമായെത്തിയതെന്ന് അറസ്റ്റിലായ ഭര്‍ത്താവിന്റെ മൊഴി. ആലക്കോട് കാര്‍ത്തികപുരം സ്വദേശി കെ.അനുരൂപിനെയാണ്(41) വധശ്രമ കേസില്‍ തളി പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഭാര്യ ആലക്കോട് അരങ്ങം സ്വദേശിനി അനുപമയെയാണ്(39) ഇയാള്‍ പട്ടാപ്പകല്‍ പൂവ്വം സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യാ ശാഖയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചത്. പൂവ്വം എസ്.ബി.ഐ ശാഖയിലെ കാഷ്യറാണ് അനുപമ.
തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുപമയ്ക്ക് സാരമായ പരുക്കുകളില്ല. കൊടുവാള്‍ കൊണ്ടുള്ള വെട്ടു തടയുന്നതിനിടെ കൈകള്‍ക്കാണ് നിസാരപരിക്കേറ്റത്. മറ്റിടങ്ങളിലും നേരിയ മുറിവുകളുണ്ട്. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഭര്‍ത്താവ് അനുരൂപിനെ പിടികൂടി ബാങ്കിന് മുന്‍പിലെ തൂണില്‍ ബലപ്രയോഗിച്ച് കയര്‍ കൊണ്ടു കെട്ടിയിടുകയായിരുന്നു. തളിപ്പറമ്പ് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച്ച ഉച്ചയക്ക് 3.10 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കൊടുവാള്‍ ഉപയോഗിച്ച് ഭാര്യയുടെ നേര്‍ക്ക് വീശുകയായിരുന്നു. വെട്ടില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ബാങ്കിനകത്തേക്ക് ഓടിക്കയറിയ അനുപമ ബാങ്കിനകത്തെ കിച്ചണ്‍ ഏരിയയിലേക്ക് കയറാന്‍ ശ്രമിച്ചുവെങ്കിലും അനുരൂപ് പിന്നാലെ ഓടിയെത്തി വീണ്ടും വെട്ടുകയായിരുന്നു.
സംഭവം പുറത്തുനിന്ന് കണ്ട നാട്ടുകാര്‍ ബാങ്കിനകത്തേക്ക് ഓടിയെത്തി അനുരൂപിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി തൂണില്‍ കെട്ടിയിട്ടു. അക്രമത്തിന് കാരണം കുടുംബപ്രശ്നമാണെന്ന് പൊലിസ് പറഞ്ഞു. കെ.വി.ആര്‍ കാര്‍ മോട്ടോര്‍സ് ജീവനക്കാരനാണ് അനുരൂപ് പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം വധശ്രമത്തിന് കേസെടുത്തു അറസ്റ്റു രേഖപ്പെടുത്തി. കൊല നടത്താനായി അനുരുപ് ബോധപൂര്‍വം ആയുധം കൊണ്ടുവന്നാണെന്നും അക്രമത്തിന് ഗൂഡാലോച നടത്തിയെന്നുമാണ് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും