ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി; ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പല തവണ തുറന്ന് പറഞ്ഞിട്ടും സ്കൂൾ അധ്യാപകനായ കാമുകൻ വിസമ്മതിച്ചു; ഒടുവിൽ ബന്ധം കാമുകന്റെ വീട്ടിലറിയിക്കാനായി 600 കിലോമീറ്റര്‍ വാഹനമോടിച്ച് 37കാരി; യുവതിയുടെ കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം; നിർണായകമായത് ആ തെളിവ്
ജയ്പൂർ: വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് 600 കിലോമീറ്റർ കാറിൽ സഞ്ചരിച്ച് വീട്ടിലെത്തിയ യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. രാജസ്ഥാനിലെ ജുൻജുനു സ്വദേശിനിയായ 37കാരിയായ മുകേഷ് കുമാരിയാണ് കൊല്ലപ്പെട്ടത്. അങ്കണവാടി സൂപ്പർവൈസറാണ് കൊല്ലപ്പെട്ട യുവതി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനായ മനാറം എന്ന സ്കൂൾ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഒക്ടോബറിൽ ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ ബന്ധം വളർന്നതോടെ മുകേഷ് കുമാരി പലപ്പോഴും 600 കിലോമീറ്റർ അകലെയുള്ള ബാർമറിലെ കാമുകന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കാമുകനോടൊപ്പം സ്ഥിരതാമസമാക്കാൻ യുവതി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കാമുകൻ വിവാഹത്തിന് വിസമ്മതിക്കുകയും ഇത് ഇവർക്കിടയിൽ പലപ്പോഴും വഴക്കുകൾക്ക് കാരണമാകുകയും ചെയ്തിരുന്നു.
സെപ്തംബർ 10ന് മുകേഷ് കുമാരി കാറിൽ കാമുകന്റെ ഗ്രാമത്തിലെത്തി നേരിട്ട് വീട്ടിൽ ചെന്ന് കുടുംബാംഗങ്ങളോട് തങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. ഇത് കാമുകനായ മനാറമിനെ പ്രകോപിപ്പിച്ചു. പൊലീസെത്തി ഇരുവർക്കും കൗൺസിലിങ് നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. അന്നേ ദിവസം വൈകുന്നേരത്തോടെ ഇവർ കാറിൽ ഒരുമിച്ചിരിക്കുമ്പോൾ മനാറം ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് മുകേഷ് കുമാരിയെ കൊലപ്പെടുത്തുകയായിരുന്നു.
അപകട മരണമായി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവ് മൃതദേഹം കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ കിടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ മനാറം തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ മരണസമയത്ത് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ഒരേ സ്ഥലത്തായിരുന്നുവെന്ന് കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ മനാറം കുറ്റം സമ്മതിക്കുകയും ചെയ്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.