ക്രിക്കറ്റ് കളി തോറ്റതിന് പിന്നാലെ മദ്യപാനം; തർക്കം മൂത്തപ്പോൾ സുഹൃത്തിനെ മതിലിനോട് ചേർത്ത് വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി; അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിയിച്ചത് ഡാഷ് ക്യാം ദൃശ്യങ്ങൾ; ബോഡിബിൽഡറുടെ മരണത്തിൽ സുഹൃത്ത് പിടിയിൽ
ബെംഗളൂരു: കമ്മസാന്ദ്രയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. അപകടമരണം എന്ന് കരുതിയ കേസ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 32 വയസ്സുകാരനായ പ്രശാന്താണ് കൊല്ലപ്പെട്ടത്. 27 വയസ്സുകാരനായ റോഷൻ ഹെഗ്ഡെയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആനേക്കൽ താലൂക്കിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീരസാന്ദ്ര സ്വദേശിയും ബോഡിബിൽഡറുമായ പ്രശാന്ത് ഹെബ്ബഗോഡിയിൽ ഒരു ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തതിന് ശേഷം ടീം അംഗവും സുഹൃത്തുമായ റോഷൻ ഹെഗ്ഡെയുമൊത്ത് മദ്യപിക്കുകയായിരുന്നു. കളിയിൽ പ്രശാന്തിന്റെ ടീം തോറ്റതിനെ തുടർന്നായിരുന്നു ഇരുവരും മദ്യപിക്കാൻ തീരുമാനിച്ചത്.
മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലെത്തുകയും ബിയർ ബോട്ടിലുകൾ ഉപയോഗിച്ച് ഏറ്റുമുട്ടുകയും ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച റോഷനെ പ്രശാന്ത് പിന്തുടർന്നു. റോഷൻ കാറുമായി പോകുമ്പോൾ പ്രശാന്ത് കാറിന്റെ ജനലിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഈ സമയം, റോഷൻ മനഃപൂർവ്വം കാർ മതിലിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. കാറിനും മതിലിനും ഇടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് തൽക്ഷണം മരിച്ചു.
ആദ്യം അപകടമരണമായി രജിസ്റ്റർ ചെയ്ത കേസ്, പ്രശാന്തിന്റെ അമ്മ നൽകിയ പരാതിയുടെയും കാറിന്റെ ഡാഷ് ക്യാമറ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതോടെ പൊലീസ് റോഷൻ ഹെഗ്ഡെയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ റോഷനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.