ഭാര്യയ്‌ക്കെതിരായ സുഹൃത്തുക്കളുടെ പീഡന ശ്രമം തടഞ്ഞു; ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി; രണ്ട് വയസ്സുള്ള കുഞ്ഞിനെ നിലത്തടിച്ചുകൊന്നു; മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഉപേക്ഷിച്ചു; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അഞ്ച് പേർ പിടിയിൽ
ചെന്നൈ: അഡയാറിൽ ബിഹാർ സ്വദേശിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവാവിനെയും ഭാര്യയെയും രണ്ട് വയസ്സുള്ള മകനെയും അഞ്ചംഗ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മധ്യകൈലാസിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. യുവതിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജോലി തേടി കഴിഞ്ഞ മാസം 21-നാണ് ഗൗരവ് കുമാറും കുടുംബവും ചെന്നൈയിൽ എത്തിയത്. ഗൗരവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള സുഹൃത്തുക്കളുടെ ശ്രമം തടഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഗൗരവിനെ കൊലപ്പെടുത്തിയ ശേഷം സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ രണ്ട് വയസ്സുകാരനായ മകനെ നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹങ്ങൾ ചാക്കുകളിലാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഡയാറിലെ ഒരു അപ്പാർട്ട്‌മെന്റിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് പേർ ബൈക്കിൽ ചാക്കുമായി വരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. യുവതിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയെത്തുടർന്ന് പെരുങ്കുടി മാലിന്യ സംസ്‌കരണ പ്ലാന്റിൽ പോലീസ് പരിശോധന നടത്തിവരികയാണ്.