മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു; പ്രശ്നം പരിഹരിക്കാനെത്തിയ കരിമണ്ണൂരുകാരനെ വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്തി; 42കാരന്റെ കൊലപാതകത്തിൽ പിടിയിലായത് മാരാംപാറക്കാരൻ ബിനു ചന്ദ്രൻ
കരിമണ്ണൂർ: മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കം പരിഹരിക്കാനെത്തിയ 42 വയസ്സുകാരൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പോലീസ് പ്രതിയെ പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. കരിമണ്ണൂർ കിളിയറ പുത്തൻപുരയിൽ വിൻസെന്റി (42)നെയാണ് വെട്ടി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മാരാംപാറ കാപ്പിലാംകുടിയിൽ ബിനു ചന്ദ്രനെ (38) കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തിൽ വെട്ടേറ്റതിനെത്തുടർന്ന് തലയിലേക്കുള്ള ഞരമ്പ് മുറിഞ്ഞതാണ് മരണകാരണം.
ബുധനാഴ്ച ബിനുവും കരിമണ്ണൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പുല്ലുവേലിക്കകത്ത് എല്‍ദോസും സുഹൃത്തുക്കളും കമ്പിപ്പാലത്തുള്ള വാടകകെട്ടിടത്തില്‍ ഒരുമിച്ച് മദ്യപിച്ചു. ഇതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടർന്ന് ബിനു എൽദോസിന്റെ തലയ്ക്ക് ബിയർ കുപ്പി കൊണ്ട് അടിച്ചു. ഇതിന് പിന്നാലെയാണ് എൽദോസ് വിൻസെന്റിനെ കൂട്ടിക്കൊണ്ടുവന്ന് ബിനുവിന്റെ താമസസ്ഥലത്ത് എത്തുന്നത്. അവിടെ വെച്ചാണ് വിൻസെന്റ് വെട്ടേറ്റ് മരിച്ചത്.
വിൻസെന്റിനെ ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിൻസെന്റിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടന്നു. പ്രതിയായ ബിനു ചന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരിമണ്ണൂർ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാർ, എസ്‌ഐ ബേബി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.