പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചു; വിവാഹാവശ്യം പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; കാര്യങ്ങൾ പുറത്താവുമെന്ന് ഭയന്ന് കൊല്ലാൻ പദ്ധതിയിട്ടു; ഒരുമിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; കഴുത്തിൽ കുരുക്കിട്ട യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തി; എലത്തൂരിലേത് ഞെട്ടിക്കുന്ന ക്രൂരത

Update: 2026-01-27 03:55 GMT

കോഴിക്കോട്: കോഴിക്കോട് എലത്തൂരിലെ യുവതിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് വൈശാഖൻ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 24-നാണ് യുവതിയെ വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക്ക്‌ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് പേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖൻ, യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണം ഉറപ്പിച്ച ശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. വർഷങ്ങളായി യുവതിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവാഹം ആവശ്യപ്പെട്ട് യുവതി സമ്മർദ്ദം ചെലുത്തി. ബന്ധത്തെ കുറിച്ച് യുവതി പുറത്തു പറയുമെന്ന് പറഞ്ഞിരുന്നു. ഇതോടെ വൈശാഖനും യുവതിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു.

കാര്യങ്ങളെല്ലാം യുവതി പുറത്തുപറയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയും കുടുംബവും ഈ കാര്യം അറിയുമെന്ന് ഭയന്നാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ചെറിയ പ്രായം മുതൽ വൈശാഖൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് വൈശാഖനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

വർക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസ് തെളിയിക്കാൻ പോലീസിന് നിർണ്ണായകമായ തുമ്പായത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനത്തിലെത്തിയിരുന്നത്. തട്ടമ്പാട്ടുത്താഴം സ്വദേശികളായ യുവതിയും വൈശാഖനും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. പ്രതിയെ എലത്തൂർ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

Tags:    

Similar News