കുട്ടിക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖമെന്ന് ഡോക്ടർ; യുവതിയുടെ ദുർമന്ത്രവാദം മൂലമെന്ന് ആരോപിച്ച് കുടുംബം; 35കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി ഒരു സംഘം; ബന്ധുക്കൾക്കും പരിക്ക്; മൂന്ന് പേർ കസ്റ്റഡിയിൽ
പട്‌ന: ബിഹാറിൽ 35 വയസ്സുകാരിയെ അയൽവാസികൾ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നവാഡ ജില്ലയിലാണ് അന്ധവിശ്വാസങ്ങളുടെ പേരിൽ കോലാപാതകം ഉണ്ടായത്. മന്ത്രവാദം ആരോപിക്കപ്പെട്ട് കിരൺ ദേവി എന്ന യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കിരൺ ദേവിയുടെ രണ്ട് ബന്ധുക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അയൽവാസിയായ മുകേഷ് ചൗധരിയുടെ കുട്ടിക്ക് അസുഖം ബാധിച്ചത് കിരൺ ദേവിയുടെ ദുർമന്ത്രവാദം മൂലമാണെന്ന് ആരോപിച്ചാണ് ഒരു സംഘം യുവതിയെ ആക്രമിച്ചത്. കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ തലച്ചോറുമായി ബന്ധപ്പെട്ട അസുഖമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും, അയൽക്കാരിയായ കിരൺ ദേവിയാണ് രോഗത്തിന് കാരണമെന്ന് മുകേഷിന്റെ കുടുംബം നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച, മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നത്രു ചൗധരി, ശോഭാ ദേവി എന്നിവരടങ്ങുന്ന സംഘം കിരൺ ദേവിയെയും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും ക്രൂരമായി മർദിക്കുകയായിരുന്നു. ഇഷ്ടികകൾ, കല്ലുകൾ, ഇരുമ്പു ദണ്ഡുകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കിരൺ ദേവിയുടെ സഹോദര ഭാര്യ രേഖാ ദേവി മൊഴി നൽകി. ഈ ആക്രമണത്തിൽ കിരൺ ദേവിയുടെ ഇളയ സഹോദരന്റെ ഭാര്യ ലളിത ദേവിക്കും മൂത്ത സഹോദരന്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ കിരൺ ദേവിയെ ഉടൻതന്നെ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും അമിതമായ രക്തസ്രാവം കാരണം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമധ്യേ കിരൺ ദേവി മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട കിരൺ ദേവിക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
ഗ്രാമത്തിലെ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഘർഷത്തിൽ ഇരുപക്ഷത്തുനിന്നും നാലോ അഞ്ചോ പേർക്ക് പരിക്കേറ്റതായും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച ശേഷം, പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.