ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ 32കാരിയെ മുറിയിൽ പൂട്ടിയിട്ടു; പിന്നാലെ വെട്ടുകത്തി കൊണ്ട് ആക്രമണം; ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ക്രൂരത ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ; ജബ്ബാറിന്റേത് രണ്ടാം വിവാഹം
കോഴിക്കോട്: ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് ഫറോക്കിലെ പാണ്ടികശാല റോഡ് മക്കാട്ട് കമ്പിളിപ്പുറത്ത് എം.കെ. മുനീറ (32) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുലർച്ചെയോടെ മരിച്ചത്. സംഭവത്തിൽ മുനീറയുടെ ഭർത്താവ് അബ്ദുൽ ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒൻപതരയോടെ ഫറോക്ക് കോളജിന് സമീപമുള്ള വീട്ടിൽ വെച്ചാണ് മുനീറയ്ക്ക് വെട്ടേറ്റത്. വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ മുനീറ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. വീടിന് സമീപത്തെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയായ മുനീറ ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെ മുറിയിൽ അടച്ചിട്ട ശേഷമാണ് ജബ്ബാർ ആക്രമണം നടത്തിയത്.
ഗുരുതരമായി പരുക്കേറ്റ മുനീറയെ ബഹളം കേട്ട് വീട്ടിലെത്തിയ നാട്ടുകാരാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ജബ്ബാർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് മുനീറയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ജബ്ബാറിനെതിരെ മുൻപും ഭാര്യയെ ആക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ആദ്യ വിവാഹം വേർപെടുത്തിയ ശേഷമാണ് ഇയാൾ മുനീറയെ വിവാഹം കഴിച്ചത്. എട്ടു വർഷം മുൻപ് വിവാഹിതരായ ഇവർക്ക് എട്ടും ആറും വയസ്സുള്ള രണ്ട് മക്കളുണ്ട്. മുനീറയും ജബ്ബാറും ബന്ധം വേർപിരിയുന്ന ഘട്ടത്തിൽ എത്തിയിരുന്നെങ്കിലും, മുനീറയുടെ തീരുമാനപ്രകാരം പിന്നീട് ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങുകയായിരുന്നു.