കുടുംബങ്ങളുടെ എതിർപ്പ് വകവെയ്ക്കാതെ വിവാഹിതരായി; മാസങ്ങൾ പിന്നിടുമ്പോൾ യുവതിയുടെ പെരുമാറ്റത്തിൽ പന്തികേട്; നാട്ടിലേക്ക് പോയി രാത്രി തിരിച്ചെത്തിയപ്പോൾ ഭാര്യയോടൊപ്പം മുറിയിൽ രണ്ട് പുരുഷന്മാർ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ പോലീസിൽ കീഴടങ്ങി ഭർത്താവ്
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി. നാല് മാസം മുൻപ് വിവാഹിതരായ ശ്വേതാ സിംഗ് എന്ന യുവതിയെയാണ് ഭർത്താവ് സച്ചിൻ സിംഗ് കൊലപ്പെടുത്തിയത്. ഭാര്യയെ രണ്ട് യുവാക്കളോടൊപ്പം കണ്ടതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സച്ചിൻ പോലീസിന് മൊഴി നൽകി.
ശ്വേതയുടെ മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് വാടകവീട്ടിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം സച്ചിൻ സ്വയം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സച്ചിനെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കാൺപൂരിലെ വാടക വീട്ടിൽ നിന്നാണ് ശ്വേതയുടെ മൃതദേഹം കണ്ടെടുത്തത്.
നിരവധി വർഷങ്ങളായി പ്രണയത്തിലായിരുന്ന സച്ചിനും ശ്വേതയും വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് കോടതിയിൽ രജിസ്റ്റർ ചെയ്ത് വിവാഹിതരായവരാണ്. ഒരു മാസമായി ഇരുവരും കാൺപൂരിലെ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയിരുന്നതായി സച്ചിൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. താൻ ജോലിക്കു പോകുമ്പോൾ ശ്വേത സമീപത്തെ എൻജിനീയറിംഗ് കോളേജിനടുത്തുള്ള വാടകമുറികളിൽ താമസിക്കുന്ന രണ്ട് വിദ്യാർത്ഥികളുമായി ബന്ധം സ്ഥാപിച്ചുവെന്നും സച്ചിൻ ആരോപിച്ചു.
സംഭവത്തിന് രണ്ട് ദിവസം മുമ്പ്, താൻ ഗ്രാമത്തിലേക്ക് പോകുകയാണെന്നും അന്ന് രാത്രി മടങ്ങിവരില്ലെന്നും സച്ചിൻ ശ്വേതയെ അറിയിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാത്രി അപ്രതീക്ഷിതമായി തിരിച്ചെത്തിയ സച്ചിൻ, ശ്വേതയെ രണ്ട് യുവാക്കളോടൊപ്പം കിടപ്പുമുറിയിൽ കണ്ടതായി മൊഴി നൽകി. ഈ ദൃശ്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ, ശ്വേത യുവാക്കളെ തന്നെ ആക്രമിക്കാൻ പ്രേരിപ്പിച്ചെന്നും തുടർന്ന് പോലീസ് സ്ഥലത്തെത്തി എല്ലാവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും സച്ചിൻ പോലീസിനോട് പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ വെച്ച് സച്ചിൻ കേസ് വേണ്ടെന്ന് വെച്ചതിനെ തുടർന്ന് എല്ലാവരെയും വിട്ടയച്ചു. എന്നാൽ, യുവാക്കളെ വിട്ടയക്കാൻ ശ്വേത തന്നെ നിർബന്ധിക്കുകയും വിസമ്മതിച്ചാൽ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സച്ചിൻ ആരോപിച്ചു. തുടർന്നുണ്ടായ രൂക്ഷമായ വാഗ്വാദത്തിനിടെ, തന്നെ കൊന്നുകളയാൻ ശ്വേത ആവശ്യപ്പെട്ടുവെന്നും ഇതിൽ പ്രകോപിതനായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സച്ചിൻ പോലീസിനോട് വെളിപ്പെടുത്തി. ശ്വേതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
