മകളെ സ്‌കൂളിൽ നിന്നും കൂട്ടികൊണ്ട് പോയത് കൃഷിയിടത്തിലേക്ക്; 14കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കനാലിൽ ഒഴുക്കിവിട്ടു; പിതാവിന്റെ ക്രൂരത മോഷണം ആരോപിച്ച്

Update: 2025-09-28 08:13 GMT

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ 14 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. അജയ് ശർമ എന്ന 40കാരനാണ് നാല് മക്കളിൽ മൂത്തയാളായ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകം. മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. ബുലന്ദ്ഷഹറിലെ അനുപ്ഷഹർ കനാലിൽ വെള്ളിയാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതായി അധ്യാപകർ സാക്ഷ്യപ്പെടുത്തിയതോടെയാണ് പൊലീസ് അജയ് ശർമയെ കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും കൊലപാതകത്തിൻ്റെ കാരണം വെളിപ്പെടുത്തുകയുമായിരുന്നു. തൻ്റെ പക്കലുണ്ടായിരുന്ന പണം മകൾ പലതവണ മോഷ്ടിച്ചതായും, അവസാനമായി 500 രൂപ മോഷ്ടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകി.

സ്കൂളിൽ നിന്ന് മകളെ കൂട്ടിക്കൊണ്ടുപോയ ശേഷം നേരിട്ട് സ്വന്തം കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ ഒഴുക്കിവിട്ടുവെന്ന് പ്രതി സമ്മതിച്ചു. വീട്ടിലേക്ക് തിരിച്ചെത്തിയ അജയ് ശർമ, മകളെ ബന്ധുവീട്ടിലാക്കിയെന്നാണ് ഭാര്യ സുമൻ ദേവിയോട് പറഞ്ഞിരുന്നത്. എന്നാൽ അടുത്ത ദിവസം നാട്ടുകാരിലൊരാളാണ് മകളുടെ മൃതദേഹം കനാലിൽ കണ്ട വിവരം അവരെ അറിയിച്ചത്.

ഇതിനെക്കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സുമൻ ദേവി പൊലീസിന് മൊഴി നൽകി. ഭർത്താവ് ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ് സംഹിത പ്രകാരം കേസെടുത്തിട്ടുണ്ട്. 

Tags:    

Similar News