ഭര്‍ത്താവ് അമിത മദ്യപാനി; വീട്ടിലെ കാര്യങ്ങൾ നോക്കാത്തതിനാൽ മാറി താമസിക്കേണ്ടി വന്നു; മക്കളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുന്നില്ല; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി; അപകടമരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; പിന്നാലെ പുറത്ത് വന്നത് അമ്മയുടെ ക്രൂരത

Update: 2025-07-27 12:25 GMT

മുംബൈ: കുടുംബപ്രശ്നങ്ങളെ തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സന്ധ്യ സന്ദീപ് ബെരെ (27) എന്ന യുവതിയെയാണ് പോലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. അപകട മരണത്തിനായിരുന്നു പോലീസ് ആദ്യം കേസെടുത്തിരുന്നത് എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം. അഞ്ചും എട്ടും പത്തും വയസ്സുള്ള മക്കള്‍ക്ക് സന്ധ്യ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട കുട്ടികളെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഛര്‍ദിച്ച് അവശരായി ബോധം നഷ്ടമായ നിലയിലാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് രണ്ട് കുട്ടികളെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ജൂലൈ 24, 25 തീയതികളിലായി മരണപ്പെട്ടു. മറ്റൊരു പെൺകുട്ടിയെ നാസിക്കിലെ ആശുപത്രിയിലേക്ക് മാറ്റി. ഈ പെണ്‍കുട്ടി ജൂലൈ 24ന് മരണപ്പെട്ടു.

അപകടമരണത്തിനായിരുന്നു ആദ്യം പോലീസ് കേസെടുത്തത്. എന്നാൽ ശനിയാഴ്ച പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെയാണ്അമ്മയുടെ ക്രൂരത പുറത്ത് വന്നത്. വിഷത്തിന്‍റെ അംശം പെൺകുട്ടികളുടെ ശരീരത്തിലുണ്ടായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അമ്മയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

കുടുംബപ്രശ്നങ്ങൾ കാരണമാണ് കുട്ടികളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമ്മ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഭര്‍ത്താവ് സ്ഥിര മദ്യപാനിയാണ്. വീട്ടുകാര്യങ്ങളോ മക്കളുടെ കാര്യങ്ങളോ ഭര്‍ത്താവ് നോക്കിയിരുന്നില്ല. ഇതോടെ അയാളുമായി അകന്നുകഴിയുകയായിരുന്നു. ഒറ്റയ്ക്ക് കഴിയുന്ന തനിക്ക് മൂന്ന് മക്കളെ വളര്‍ത്താനുള്ള ശേഷി തനിക്കില്ലെന്നും 'അമ്മ വെളിപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഭര്‍തൃമാതാപിതാക്കള്‍ കുട്ടികളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags:    

Similar News