ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കെട്ടു; സ്ത്രീധനം തിരികെ ആവശ്യപ്പെട്ട് യുവതി; സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്ന് പറഞ്ഞത് പ്രകോപനമായി; 35കാരിയയെ തലയ്ക്കടിച്ചുകൊന്നു; അപകടമരണമെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവും സഹോദരിയും അറസ്റ്റിൽ
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ യുവതിയെ ഭർത്താവും ഭർതൃസഹോദരിയും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. സ്ത്രീധനം തിരികെ ആവശ്യപ്പെട്ടതിനെ തുടർനന്നായിരുന്നു ക്രൂരത. വീരാർ വെസ്റ്റിൽ ശനിയാഴ്ചയാണ് സംഭവം. 35 വയസ്സുകാരിയായ കൽപന സോണിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ് സോണി, ഇയാളുടെ സഹോദരി ദീപാലി സോണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റതാണ് മരണകാരണമെന്ന് പ്രതികൾ ആദ്യം വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, ക്രൂരമായ മർദനത്തെ തുടർന്നാണ് കൽപന മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. 2015-ൽ വിവാഹിതരായ കൽപനയും മഹേഷും തമ്മിൽ ഏറെനാളായി വഴക്കുകൾ പതിവായിരുന്നു. സ്ത്രീധനത്തിന്റെ പേരിലും കൽപന ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
ശനിയാഴ്ചയുണ്ടായ വാക്കുതർക്കത്തിനിടെ കൽപന തന്റെ സ്ത്രീധനം തിരികെ ആവശ്യപ്പെടുകയും സ്വന്തം വീട്ടിലേക്ക് മടങ്ങുമെന്ന് പറയുകയുമായിരുന്നു. ഇതോടെ പ്രകോപിതരായ മഹേഷും ദീപാലിയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൽപനയെ ആക്രമിക്കുകയായിരുന്നെന്ന് സീനിയർ ഇൻസ്‌പെക്ടർ പ്രകാശ് കവാലെ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കൽപനയെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് ദമ്പതികളുടെ ഏഴുവയസ്സുകാരി മകൾ വീട്ടിലുണ്ടായിരുന്നില്ല. കൽപനയുടെ അമ്മയുടെ സഹോദരന്റെ പരാതിയിലാണ് മഹേഷിനെയും ദീപാലിയെയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഏഴുദിവസത്തേക്ക് റിമാൻഡ് ചെയ്തു.