വീട്ടില്‍ മുതിര്‍ന്നവരില്ലാത്ത സമയത്ത് പതിനേഴുകാരന്റെ കഴുത്തിലെ സ്വര്‍ണ മാല കബളിപ്പിച്ച് ഊരി വാങ്ങിക്കടന്ന പ്രതി അറസ്റ്റില്‍; നിരവധി പേരെ കബളിപ്പിച്ചത് കായംകുളം കീരിക്കാട് സ്വദേശി

വീടിനടുത്ത് നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

Update: 2024-09-26 15:17 GMT

അടൂര്‍: കര്‍ട്ടനും സ്വര്‍ണവും തവണ വ്യവസ്ഥയില്‍ വില്പന നടത്തുന്നയാളാണെന്ന് വീട്ടിലെത്തി പറഞ്ഞ് വിശ്വസിപ്പിച്ച് പതിനേഴുകാരന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല ഊരിവാങ്ങി മുങ്ങിയ പ്രതിയെ പോലീസ് ആറു മാസത്തിന് ശേഷം കുടുക്കി. മാര്‍ച്ച് നാലിന് രാവിലെ 11 മണിയോടെ പൂതങ്കര വലിയവിള മേലേതില്‍ സതീശന്റെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന കുട്ടിയെ കബളിപ്പിച്ച് ആറു ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാല തട്ടിയെടുത്ത് കടന്ന കായംകുളം കീരിക്കാട് കണ്ണമ്പള്ളി ചെന്താശ്ശേരി മാവോലി വടക്കേതില്‍ വീട്ടില്‍ അനിയന്‍ കുഞ്ഞെന്ന് വിളിക്കുന്ന അനി(42)യാണ് പിടിയിലായത്. കര്‍ട്ടനും സ്വര്‍ണവും തവണ വ്യവസ്ഥയില്‍ വില്പന നടത്തുന്നയാളാണെന്ന് കുട്ടിയോട് പരിചയപ്പെടുത്തി. തുടര്‍ന്ന് കുട്ടിയില്‍ നിന്നും അമ്മയുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച ശേഷം അമ്മ പറഞ്ഞതാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുട്ടിയുടെ കഴുത്തില്‍ കിടന്ന മാല ഊരി വാങ്ങുകയായിരുന്നു. കടയില്‍ പോയി തൂക്കം നോക്കി വരാമെന്ന് പറഞ്ഞ് പിന്നീട് ഇയാള്‍ സ്ഥലംവിട്ടു.

പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, ഉപയോഗിക്കുന്ന ഫോണ്‍ പെരുമ്പെട്ടിയിലെ ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നും, പ്രതി അത് കബളിപ്പിച്ചു കൈക്കലാക്കിയതാണെന്നും വ്യക്തമായി. കൂടാതെ റാന്നി, എരുമേലി, കോന്നി, കൂടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ആളുകളെ തവണ വ്യവസ്ഥയില്‍ ഫര്‍ണിച്ചര്‍ ഉരുപ്പടികള്‍ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മുന്‍കൂറായി പണം തട്ടിയെടുത്തതായും വെളിപ്പെട്ടു. ആളുകളെ പറ്റിച്ച് തട്ടിപ്പ് നടത്താന്‍ വേണ്ടി മാത്രമാണ് ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് എന്നും, ശരിയായ പേരോ വിലാസമോ ആരോടും വെളിപ്പെടുത്തിയിട്ടില്ല എന്നും അടൂര്‍ പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.

പിന്നീട് ഊര്‍ജിതമാക്കിയ അന്വേഷണത്തില്‍ ഇയാളുടെ ശരീരപ്രകൃതവും സഞ്ചരിച്ച വാഹനത്തെകുറിച്ചും സൂചന ലഭിച്ചു. ചുവപ്പു നിറത്തിലുള്ള സ്‌കൂട്ടറാണെന്നും വണ്ടിയുടെ നമ്പറും പിന്നീട് പോലീസ് കണ്ടെത്തി. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിവരങ്ങള്‍ ലഭ്യമാക്കിയപ്പോള്‍ ഫോണ്‍ ഇയാളുടെ സുഹൃത്ത് ഉപയോഗിച്ചതായും വ്യക്തമായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസ് സംഘത്തിന് ലഭിച്ചു. പ്രതിയുടെ നിലവിലെ ഫോണ്‍ നമ്പര്‍ കണ്ടെത്തി സൈബര്‍ സെല്ലിന്റെ സഹായത്തോട അന്നേ ദിവസത്തെ സ്ഥലത്തെ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കി. അങ്ങനെയാണ് പ്രതി ഇയാളെന്ന് ഉറപ്പാക്കിയതും കീരിക്കാട്ടിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തതും. സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പലസ്ഥലങ്ങളില്‍ തവണ വ്യവസ്ഥയില്‍ കര്‍ട്ടനിട്ടു നല്‍കാമെന്നും സ്വര്‍ണ്ണവും മറ്റും നല്‍കാമെന്നും പറഞ്ഞ് പലരെയും കബളിപ്പിച്ചിട്ടുള്ള ആളാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

വീടിനടുത്ത് നിന്നും ഇയാളെ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടുമുറ്റത്തുനിന്നും സ്‌കൂട്ടര്‍ പോലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കബളിപ്പിച്ച് കൈക്കലാക്കിയ മാല ചെട്ടികുളങ്ങരയിലെ ഒരു കടയിലും കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ മാവേലിക്കരയിലെ ഒരു ലോട്ടറി കച്ചവടക്കാരനും വിറ്റതായി കുറ്റസമ്മതമൊഴിയില്‍ ഇയാള്‍ വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐമാരായ ബാലസുബ്രഹ്‌മണ്യന്‍, രഘുനാഥന്‍ എസ് സി പി ഓമാരായ രാജീവ്, ശ്യാം, അര്‍ജുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News