കൊച്ചി സ്വദേശിനിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഓംപ്രകാശിനെതിരായ ലഹരി വിവാദങ്ങള്‍ക്കിടെ പുത്തന്‍ പാലം രാജേഷും കുടുങ്ങി; ബലാത്സംഗക്കേസിലെ അറസ്റ്റ് പോലീസിന്റെ സാഹസിക നീക്കങ്ങളില്‍; വീണ്ടും ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഒരുമിച്ച് ചര്‍ച്ചകളില്‍

Update: 2024-10-11 02:11 GMT

കോട്ടയം: ഓംപ്രകാശ് വിവാദത്തില്‍ കുടുങ്ങിയാല്‍ പുത്തന്‍ പാലം രാജേഷും ചര്‍ച്ചകളിലെത്തും. ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ട പുത്തന്‍പാലം രാജേഷിനെ ബലാത്സംഗക്കേസില്‍ കോട്ടയത്ത് നിന്നും പോലീസ് പിടികൂടി. ഗുണ്ടാസംഘത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളിയാണ്. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ചെയ്തത്. പോള്‍ മുത്തൂറ്റ് കേസില്‍ അടക്കം ഓംപ്രകാശും പുത്തന്‍പാലം രാജേഷും ആദ്യം ചര്‍ച്ചകളിലെത്തി. പിന്നിട് പലപ്പോഴും രണ്ടു പേരും വാര്‍ത്തകളിലെത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെ ലഹരി പാര്‍ട്ടിയില്‍ ഓംപ്രകാശിനെതിരെ നടപടികള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസില്‍ ഓംപ്രകാശിന്റെ അറസ്റ്റ്.

ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരില്‍നിന്നാണ് അറസ്റ്റുചെയ്തത്. ഇയാള്‍ ജില്ലയില്‍ കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കടുത്തുരുത്തി പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാത്രി 10-ന് ഏഴുപേര്‍ക്കൊപ്പം കോതനല്ലൂരിലെ വാടകവീട്ടില്‍നിന്നും ഇയാളെ പിടികൂടിയത്. കൊച്ചിയില്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയുമായി പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരുന്നതിനിടെയാണ് അറസ്റ്റ്. രണ്ടു പേരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ വാഹനത്തിനുള്ളില്‍ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോട്ടയത്ത് ഇയാള്‍ക്കെതിരേ കേസുകള്‍ ഇല്ല. വാടകവീട്ടില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. ഇവരെ ചോദ്യംചെയ്ത് വിട്ടയയ്ക്കും. പുത്തന്‍പാലം രാജേഷിനെ റിമാന്‍ഡ് ചെയ്യും. സ്പെഷല്‍ സ്‌ക്വാഡും കടുത്തുരുത്തി പൊലീസും ചേര്‍ന്നാണ് കോതനല്ലൂര്‍ ടൗണിനു സമീപത്തെ വീട്ടില്‍ നിന്നും രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്.

കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. രാജേഷ് രണ്ട് ദിവസമായി ജില്ലയില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോതനല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ പിടികൂടിയത്. ഈ കേസിലെ അന്വേഷണത്തിനിടെയാണ് വിവരം ലഭിച്ചതെന്ന് സൂചനയുണ്ട്. കേസില്‍ രാജേഷിന്റെ കൂട്ടാളിയായ വിജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായി ഇയാള്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇയാള്‍ക്കെതിരെ കൊലപാതകം, വധശ്രമം, കവര്‍ച്ച, ഭവനഭേദനം, പീഡനം തുടങ്ങി ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്. പേട്ട, വഞ്ചിയൂര്‍, പേരൂര്‍ക്കട, മെഡി.കോളജ്, കന്റോണ്‍മെന്റ് ശ്രീകാര്യം, വട്ടിയൂര്‍ക്കാവ് എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

തലസ്ഥാനത്തെ മാഫിയാ തലവനാണ് പുത്തന്‍പാലം രാജേഷ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സ്ഥിരം ശല്യക്കാരനാണ്. ഇടക്കാലത്ത് പൊലീസ് നടപടികള്‍ കര്‍ക്കശമായപ്പോള്‍ ഭയന്ന് പിന്‍മാറിയിരുന്ന ഗുണ്ടാസംഘങ്ങള്‍ വീണ്ടും സജീവമായിട്ടുണ്ട്. റെിയല്‍ എസ്റ്റേറ്റ്, മണ്ണ്, കരിങ്കല്‍ ക്വാറി മാഫിയ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇവരുടെ അനുമതിയില്ലാതെ തിരുവനന്തപുരത്ത് ചെറുകിട ക്വാറി പ്രവര്‍ത്തനങ്ങളും, ചെറുകിട റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളും നടത്താന്‍ പ്രയാസമാണ്.

Tags:    

Similar News