കസ്റ്റഡി മര്‍ദ്ദന മൊഴി നല്‍കിയ പ്രതിക്ക് ജയിലില്‍ ഭക്ഷണം നല്‍കാതെ പീഡനം; പ്രതിയെ ഹാജരാക്കാന്‍ ഉത്തരവ്; കക്കൂസില്‍ കയറി ഒളിച്ചെന്ന് ജയില്‍ സൂപ്രണ്ട്; അഡ്വക്കേറ്റ് കമ്മീഷനെ വച്ച് കോടതി
കോടതിയില്‍ മൊഴി നല്‍കിയ വിരോധത്താലാണ് തന്നെ ആക്രമിക്കുന്നതെന്ന് പ്രതി
തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദന മൊഴി നല്‍കിയ പ്രതിയെ പൂജപ്പുര ജയിലില്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിജസ്ഥിതി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വക്കേറ്റ് കമ്മീഷനെ നിയോഗിച്ച് കോടതി. വിചാരണ തടവുകാരനായ പ്രതി മര്‍ദ്ദനം നേരിട്ടെന്ന പരാതിയിലാണ് നടപടി. പ്രതിയെ ഹാജരാക്കാന്‍ ഉത്തരവിട്ടെങ്കിലും കക്കൂസില്‍ കയറി ഒളിച്ചതായി ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അഡ്വക്കേറ്റ് കമ്മീഷനെ സെര്‍ച്ച് വാറണ്ട് ഉത്തരവ് പ്രകാരം നിയമിച്ചത്.
ജയിലില്‍ ചെന്ന് പ്രതിയെ കണ്ട് നിജസ്ഥിതി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സാ കാതറിന്‍ ജോര്‍ജിന്റെ കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എശക്കി മുത്തു എന്ന പ്രതിക്കാണ് ജയിലില്‍ ദുരനുഭവം ഉണ്ടായത്. അസി. പ്രിസണറും 2 ജയില്‍ ഉദ്യോഗസ്ഥരും ജയിലില്‍ തന്നെ അകാരണമായി നിരന്തരം മര്‍ദ്ദിക്കുന്നു എന്ന ഇശക്കി മുത്തുവിന്റെ സി എം പി ( ക്രിമിനല്‍ മിസലേനിയസ് പെറ്റിഷന്‍ ) പരാതിയില്‍ അസി. പ്രിസണര്‍ക്കും മറ്റുമെതിരെ കോടതി നേരിട്ട് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പില്‍ എശക്കി അസി. പ്രിസണര്‍ക്കും മറ്റുമെതിരെ കോടതിയില്‍ മൊഴി നല്‍കിയ വിരോധത്താലാണ് വീണ്ടും തന്നെ ആക്രമിക്കുന്നതെന്നാണ് പ്രതിയുടെ ആരോപണം.