ഒരു മാസത്തിനിടെ രണ്ട് ജപ്തി നടപടി; കോളേജ് വില്‍പന നടത്തി 18 കോടി കുടിശിക തീര്‍ക്കുമെന്ന് കോളേജ് മാനേജ്‌മെന്റ്; മൂന്ന് മാസത്തേക്ക് ജപ്തി നടപടി ഉണ്ടാകില്ല; പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

പഠനം മുടങ്ങില്ലെന്ന് എസ്എന്‍ജിഐഎസ്ടി കോളേജ് മാനേജ്‌മെന്റ്

Update: 2024-11-21 13:40 GMT

കൊച്ചി: എറണാകുളം മാഞ്ഞാലിയിലെ കോളജിനെതിരായ ജപ്തി നടപടിയില്‍ ഇടപെട്ട് ശ്രീനാരായണ ഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(എസ്എന്‍ജിഐഎസ്ടി). മൂന്നു മാസം വരെ ജപ്തി നടപടി ഉണ്ടാകില്ലെന്ന് എസ്എന്‍ജിഐഎസ്ടി മാനേജ്മെന്റ് അറിയിച്ചു. സ്വകാര്യ ബാങ്കിന് ഒരു കോടി രൂപ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

ഇതോടെ എറണാകുളം വടക്കന്‍ പറവൂര്‍ മാഞ്ഞാലി എസ് എന്‍ ട്രസ്റ്റ് (SNGIST) കോളേജിന്റെ ജപ്തി ഭീഷണി താത്കാലികമായി ഒഴിഞ്ഞു. കോളേജ് വില്‍പന നടത്തി 18 കോടി രൂപയുടെ കുടിശിക തീര്‍ക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. മൂന്ന് മാസത്തേക്ക് ജപ്തി നടപടി ഉണ്ടാകില്ലെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. ഇതിനിടെ കോളേജ് ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും പ്രതിഷേധിച്ചു.

ഒരു മാസത്തെ ഇടവേളയ്ക്കിടെ വടക്കന്‍ പറവൂര്‍ മാഞ്ഞാലിയിലെ എസ് എന്‍ ട്രസ്റ്റ് കോളേജ് നേരിട്ടത് രണ്ട് ജപ്തി നടപടികളാണ്. പരീക്ഷ തലേന്ന് പഠിക്കുന്ന കോളേജ് ജപ്തി നേരിടുന്ന വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥ. ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധി മാത്രം മുന്നില്‍ കണ്ട് കോളേജ് മാനേജ്‌മെന്റും ബാങ്ക് അധികൃതരും നടത്തിയ ചര്‍ച്ചയില്‍ സമവായി.

പഴയ മാനേജ്മെന്റ് കുടിശ്ശിക തീര്‍ക്കുന്നതില്‍ കാലതാമസം വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് എസ്എന്‍ജിഐഎസ്ടി മാനേജ്മെന്റ് ആരോപിച്ചു. മൂന്നുമാസത്തിനകം 50 ലക്ഷം കൂടി നല്‍കും. കോളജ് വില്‍പന നടത്തി ബാധ്യത തീര്‍ക്കുമെന്നും വിദ്യാര്‍ഥികളുടെ പഠനം മുടങ്ങില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടുപോയത്. പലിശയടക്കം 19 കോടി രൂപയാണ് കോളജ് തിരിച്ചടക്കാനുള്ളത്. നടപടിയില്‍ വിദ്യാര്‍ഥികളും ജീവനക്കാരും രക്ഷിതാക്കളും പ്രതിഷേധമുയര്‍ത്തിയിരുന്നു.

പറവൂര്‍ ഗുരുദേവ ട്രസ്റ്റിന് കീഴിലുള്ള കോളേജ് 2014 ല്‍ എടുത്ത 4 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തിയിലേക്ക് നീങ്ങിയത്. പത്ത് വര്‍ഷം കൊണ്ട് കുടിശിക 19 കോടിയെത്തി. ഒക്ടോബറില്‍ ജപ്തിക്കെതിയ ബാങ്കിന് ഒരു കോടി അടിയന്തരമായി നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയെങ്കിലും നടന്നില്ല.

പഴയ ഭാരവാഹികള്‍ പണമടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പുതിയ ഭരണസമിതിയുടെ ആരോപണം. ഇന്ന് ബാങ്ക് വീണ്ടും ജപ്തിക്കെത്തിയതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി, സമരം ചെയ്ത കെഎസ്‌യു നേതാവിനെ കസ്റ്റഡിയിലെടുത്തു. കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു ജപ്തി നടപടിയും ചര്‍ച്ചയും.

ജനുവരി 30 വരെ ജപ്തി നടപടി ഉണ്ടാകില്ലെന്നതാണ് സ്വകാര്യ ബാങ്ക് നല്‍കുന്ന ഉറപ്പ്. വില്‍പ്പന നടത്തി പണം കണ്ടെത്തുന്നതോടെ കടം തീര്‍ക്കുമെന്ന് കോളേജ് മാനേജ്‌മെന്റും ഉറപ്പ് നല്‍കുന്നു. താത്കാലികമായെങ്കിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം.

Tags:    

Similar News