രണ്ടാം വിവാഹമോചനക്കേസ് നടക്കുന്നതിനിടെ യുവതിയുടെ മരണം; കോഴിക്കോടെത്തിയത് ജോലിയുമായി ബന്ധപ്പെട്ട്; ലോഡ്ജ് മുറിയിയില്‍ ഫസീലയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോലീസ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയുടെത് കൊലപാതകമെന്ന് പോലീസ്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.
ഫസീലയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. യുവതിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന യുവാവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് ഫസീലയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ബന്ധുക്കള്‍ എത്തിയ ശേഷമാണ് നടപടികള്‍ തുടങ്ങിയത്. ഫസീലയുടെ ഉപ്പയും സഹോദരിമാരും മോര്‍ച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫസീലയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെയാണ് മലപ്പുറം വെട്ടത്തൂര്‍ പട്ടിക്കാട് സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്ജില്‍ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല.
സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സനൂഫ് ലോഡ്ജില്‍ നല്കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു.
രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫ് ലോഡ്ജില്‍ നല്കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.