കുഞ്ഞുങ്ങളെ മര്‍ദിച്ച സംഭവത്തില്‍ നടപടിയെടുത്തു; രാഷ്ട്രീയ സ്വാധീനത്താല്‍ തിരികെയെത്തിയിട്ടും ക്രൂരത; രണ്ടര വയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പിച്ച ആയമാര്‍ റിമാന്‍ഡില്‍
രണ്ടര വയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പിച്ച ആയമാര്‍ റിമാന്‍ഡില്‍
തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസ്സുള്ള പെണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മൂന്ന് താല്‍ക്കാലിക ആയമാരെ കോടതി റിമാര്‍ഡ് ചെയ്ത് സബ് ജയലില്‍ അടച്ചു. പോത്തന്‍കോട് ആണ്ടൂര്‍ക്കോണം സ്വദേശി എ.കെ.അജിത (49), അയിരൂപ്പാറ സ്വദേശി മഹേശ്വരി (49), കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂര്‍ സ്വദേശി സിന്ധു (47) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
അജിതയാണു കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളില്‍ നുള്ളി പരുക്കേല്‍പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മഹേശ്വരിയും സിന്ധുവും ശരീരത്തിന്റെ പല ഭാഗങ്ങളില്‍ മുറിവേല്‍പിച്ചു. പ്രതികള്‍ക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. പത്ത് ദിവസം മുന്‍പാണ് ഈ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത്. കുഞ്ഞുങ്ങളെ മര്‍ദിച്ച സംഭവത്തില്‍ മഹേശ്വരിയെ മുന്‍പു ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റിയിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണു തിരികെ എത്തിയത്.
വെള്ളിയാഴ്ച വൈകിട്ടു കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തവരാണു നഖം പതിഞ്ഞ പാടുകള്‍ കണ്ടത്. അക്കാര്യം സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയെ അറിയിക്കുകയും ഡോക്ടര്‍മാരുടെ പരിശോധനയില്‍ സ്ഥിരീകരിക്കുകയുമായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍, ബോധപൂര്‍വം മുറിവേല്‍പിച്ചതാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പൊലീസിന് പരാതി നല്‍കിയത്. വിവിധ ദിവസങ്ങളിലായി കുട്ടിയെ പരിചരിച്ച ഏഴ് ആയമാരെ പിരിച്ചുവിട്ടു. പൊലീസ് അന്വേഷണത്തിലാണ് മൂന്ന് പേരും കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അഞ്ചുവര്‍ഷമായി ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ് ആയമാര്‍.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പത്ത് ദിവസം മുമ്പാണ് കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നത്.
ശനിയാഴ്ച നടന്ന സംഭവത്തില്‍ ഇന്നലെയാണ് അറസ്റ്റുണ്ടായത്. ജനനേന്ദ്രിയത്തിലും പിന്‍ഭാഗത്തുമായി നിരവധി മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അജിതയാണ് മുറിവുണ്ടാക്കിയത്. മറ്റുള്ളവരും ഉപദ്രവിച്ചു.ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ജി.എല്‍.അരുണ്‍ഗോപിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ശിശുക്ഷേമ സമിതി എന്നിവരോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞുവെള്ളിയാഴ്ച വൈകുന്നേരം ക്രഷ് ജീവനക്കാരി കുളിപ്പിച്ചപ്പോള്‍,കുഞ്ഞ് നിലവിളിച്ചു. അവരാണ് മുറിവുകള്‍ കണ്ടത്.
ശനിയാഴ്ച ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഉപദ്രവം ബോധ്യമായത്. തൈക്കാടുള്ള കുട്ടികളുടെയും സ്ത്രീകളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഖം കൊണ്ടുള്ള മുറിവാണെന്നും മനഃപൂര്‍വമുള്ള ഉപദ്രവമാണെന്നും സ്ഥിരീകരിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. സമിതിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ 6 വയസ്സില്‍ താഴെയുള്ള 98 കുട്ടികളും തൊട്ടടുത്ത സംരക്ഷണ കേന്ദ്രത്തില്‍ 6 മുതല്‍ 18 വയസ്സുവരെയുള്ള 49 കുട്ടികളുമാണുള്ളത്. ഇവരെ പരിചരിക്കാന്‍ 103 ആയമാരുണ്ട്.