തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന കുറ്റസമ്മതം; ദൃക്‌സാക്ഷി മൊഴിയും നിര്‍ണായകമായി; പനയംപാടം അപകടത്തില്‍ ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; നരഹത്യക്ക് കേസെടുത്തു

പനയംപാടം അപകടത്തില്‍ ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

Update: 2024-12-13 15:38 GMT

പാലക്കാട്: പനയമ്പാടത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞ് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ റിമാന്‍ഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

അപകടത്തിന് കാരണമായ ലോറി ഡ്രൈവര്‍ പ്രജീഷ്, കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ കാസര്‍കോട് സ്വദേശിയായ മഹേന്ദ്ര പ്രസാദ് എന്നിവരെയാണ് മണ്ണാര്‍ക്കാട് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ നേരത്തെ നരഹത്യക്ക് കേസെടുത്തിരുന്നു.

ലോറി ഡ്രൈവര്‍ പ്രജീഷ് തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നരഹത്യക്ക് കേസെടുത്തത്. ഒരു ബൈക്ക് കുറുകേ ചാടിയെന്നും പക്ഷേ താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് പ്രജീഷ് പോലീസിന് മൊഴി നല്‍കിയത്.

കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെതിരെയും നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നടന്നുവരികയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം-ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍.

പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്തായിരുന്നു അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം. സ്‌കൂളില്‍നിന്ന് റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അഞ്ച് കുട്ടികള്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ലോറി വരുന്നതുകണ്ട് മറുവശത്തേക്ക് ഓടിമാറിയ ഒരു കുട്ടി രക്ഷപ്പെട്ടു. ബാക്കി നാലുപേര്‍ ലോറിക്കടിയിലും സമീപത്തെ ചാലിനിടയിലുമായി കുടുങ്ങിയനിലയിലായിരുന്നു.

സിമന്റുമായെത്തിയ ലോറി മണ്ണാര്‍ക്കാട് ഭാഗത്തേക്കു പോവുകയായിരുന്നു. പനയംപാടത്തെ കയറ്റം കയറിയ ലോറിയുടെ മുന്നില്‍ മണ്ണാര്‍ക്കാട് ഭാഗത്തുനിന്നെത്തിയ മറ്റൊരു ലോറി ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് കരുതുന്നത്. സംഭവസമയത്ത് ചെറിയ ചാറ്റല്‍മഴയുണ്ടായിരുന്നു.

Tags:    

Similar News