'എന്റെ ഭര്‍ത്താവ് എന്നെ കൊല്ലും; ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല'; കൊല്ലപ്പെടുന്നതിന് മുന്‍പ് ഹര്‍ഷിത ആശങ്ക പങ്കുവച്ചെന്ന് മാതാവ്; ക്രൂരമായി മര്‍ദ്ദിച്ചു; ഗര്‍ഭം അലസിപ്പോയെന്നും വെളിപ്പെടുത്തല്‍
'എന്റെ ഭര്‍ത്താവ് എന്നെ ഇല്ലാതാക്കും'; ഹര്‍ഷിത പറഞ്ഞിരുന്നുവെന്ന് മാതാവ്
ലണ്ടന്‍: ഡല്‍ഹി സ്വദേശിനിയായ ഹര്‍ഷിത ബ്രെല്ല എന്ന യുവതി യുകെയില്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഹര്‍ഷിത ഭയപ്പെട്ടിരുന്നുവെന്നും തങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും മാതാവ് സുദേഷ് കുമാരി പറഞ്ഞു. എന്റെ ഭര്‍ത്താവ് എന്നെ കൊല്ലും. ഞാന്‍ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല എന്ന് ഹര്‍ഷിത പറഞ്ഞതായി മാതാവ് പറയുന്നു.
ഡല്‍ഹി സ്വദേശിനിയായ ഹര്‍ഷിതയെ നവംബര്‍ 14 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് പങ്കജ് ലാംബ ഒളിവില്‍പ്പോയി. പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പഴക്കം അനുസരിച്ച് നാല് ദിവസം മുന്‍പാണ് ഹര്‍ഷിത കൊലപ്പെട്ടത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. കഴുത്തു ഞെരിച്ച് കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം ഡിക്കിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
അയാള്‍ തന്റെ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. നടുറോഡില്‍ വച്ച് പോലും മര്‍ദ്ദിക്കും. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ ഗര്‍ഭം അലസിപ്പോയി. ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നായിരുന്നു അത് സംഭവിച്ചതെന്ന് ഹര്‍ഷിതയുടെ പിതാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകത്തിന് ശേഷം പങ്കജ് ലാംബ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം. ഇവിടുത്തെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഹര്‍ഷിതയെ പങ്കജ് ലാംബ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഹര്‍ഷിത ഡല്‍ഹി വിട്ട് ഭര്‍ത്താവിനൊപ്പം യുകെയിലേക്ക് വന്നു. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത ഈ വര്‍ഷം ഓഗസ്റ്റില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ 13 ന് പങ്കജ് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. പരാതി നല്‍കിയതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് യു.കെ പോലീസ് പറയുന്നു.