കുടിയേറ്റ തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കവെ അധ്യാപകന്‍ അപമര്യാദയായി പെരുമാറി; പരാതിയുമായി എം. ജി. സര്‍വകലാശാലയില്‍ സെമിനാറിനെത്തിയ കര്‍ണാടകയിലെ ഗവേഷക വിദ്യാര്‍ഥിനി

എം ജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറി

Update: 2024-12-17 07:30 GMT

കോട്ടയം: എം.ജി. സര്‍വകലാശാലയില്‍ സെമിനാറിനെത്തിയ ഗവേഷക വിദ്യാര്‍ഥിനിയോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയതായി പരാതി. സര്‍വകലാശാല ഇന്റേണല്‍ കമ്മിറ്റിക്ക് വിദ്യാര്‍ഥിനി പരാതി കൈമാറി. കര്‍ണ്ണാടകയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയാണ് സര്‍വകലാശാലയിലെ അധ്യാപകനെതിരെ പരാതി നല്‍കിയത്.

കഴിഞ്ഞ പത്താം തീയതിയാണ് വിദ്യാര്‍ഥിനി രജിസ്ട്രാര്‍ക്ക് പരാതി ഇ-മെയിലായി അയച്ചത്. രജിസ്ട്രാര്‍ പരാതി സര്‍വകലാശാലയിലെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്ക് കൈമാറി. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് നല്‍കും. കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ചാകും തുടര്‍നടപടികള്‍. അതേസമയം ഇടത് അധ്യാപക സംഘടന അംഗമായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍വകലാശാല സ്വീകരിക്കുന്നതെന്ന് കെ.എസ്.യു. ആരോപിച്ചു.

കുടിയേറ്റ വിഷയവുമായി ബന്ധപെട്ട് കഴിഞ്ഞ ആഴ്ച എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. സെമിനാറിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അധ്യാപകനെതിരെയാണ് പരാതി.

സെമിനാറിന്റെ ഭാഗമായി വിദ്യാര്‍ഥിനി എറണാകുളത്ത് കുടിയേറ്റ തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ അധ്യാപകനൊപ്പം പോയിരുന്നു. ഇതിനിടെ അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക പ്രശ്‌നനങ്ങള്‍ നേരിടുന്നതായും വിദ്യാര്‍ഥിനി ഈ മെയില്‍ വഴി നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി ഇന്റേണല്‍ കമ്മിറ്റി ചെയര്‍മാന് കൈമാറിയതായി രജിസ്ട്രാര്‍ അറിയിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ വൈസ് ചാന്‍സലര്‍ക്ക് നല്‍കും. റിപ്പോര്‍ട്ടിലെ ശിപാര്‍ശ അനുസരിച്ച് പൊലീസില്‍ പരാതി നല്‍കുക അടക്കം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.

Tags:    

Similar News