പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിരക്കില്‍പ്പെട്ട് സ്ത്രീയുടെ മരണം; അല്ലു അര്‍ജുന്റെ ജാമ്യ ഹര്‍ജി മാറ്റി കോടതി; നിയമത്തിന് മുന്നില്‍ എല്ലാരും സമന്മാരെന്ന് പവന്‍ കല്ല്യാണ്‍; തെലങ്കാന പൊലീസിനെ പിന്തുണച്ച് പ്രതികരണം

അല്ലു അര്‍ജുന്റെ ജാമ്യ ഹര്‍ജി മാറ്റി കോടതി

Update: 2024-12-30 11:24 GMT

ബെംഗളൂരു: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ജനുവരി 3ലേക്ക് മാറ്റി. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്ഥിരം ജാമ്യം തേടിയാണ് അല്ലു അര്‍ജുന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. നിലവില്‍ ഒരു മാസത്തെ ഇടക്കാല ജാമ്യത്തിലാണ് നടന്‍ പുറത്തിറങ്ങിയത്.

ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകന്‍ ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.

അതേസമയം, നരഹത്യ കേസില്‍ പ്രതിയായ അല്ലു അര്‍ജുനെ മൂന്ന് മണിക്കൂറോളം ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററില്‍ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അര്‍ജുന്റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അര്‍ജുനെയും ഒപ്പം തിയേറ്റര്‍ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പിറ്റേന്ന് രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

അതേ സമയം അല്ലു അര്‍ജുനെതിരായ നടപടിയില്‍ തെലങ്കാന പോലീസിനെ പിന്തുണച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ രംഗത്തെത്തി. അല്ലു അര്‍ജുന്റെ ബന്ധു കൂടിയായ പവന്‍ കല്ല്യാണ്‍ നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.

എന്‍ഡിഎ സഖ്യകക്ഷിയായ ജനസേന പാര്‍ട്ടിയുടെ നേതാവാണ് പവന്‍ കല്ല്യാണ്‍. അല്ലു അര്‍ജുനെതിരായ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയെയും പൊലീസിനെയും ലക്ഷ്യം വച്ച് വിമര്‍ശനം വരുന്നതിനിടെയാണ് പവന്‍ കല്ല്യാണിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ 'മഹത്തായ നേതാവ്' എന്ന് പുകഴ്ത്തുകയും തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തെ അല്ലു അര്‍ജുന്‍ നേരത്തെ സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്നും പവന്‍ കല്ല്യാണ്‍ അഭിപ്രായപ്പെട്ടു. മംഗളഗിരിയില്‍ ഒരു ചടങ്ങിനിടെ മധ്യമങ്ങളോട് അനൗപചാരികമായി ആശയവിനിമയം നടത്തവേയായിരുന്നു പവന്‍ കല്ല്യാണിന്റെ പരാമര്‍ശം

നിയമപാലകര്‍ പൊതു സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണെന്ന് കല്യാണ് പറഞ്ഞു. 'നിയമം എല്ലാവര്‍ക്കും തുല്യമാണ്, ഇത്തരം സംഭവങ്ങളില്‍ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം തീയറ്ററില്‍ എത്തിയതാണ് സ്ഥിതി ഗതികള്‍ വഷളാക്കിയത്' പവന്‍ കല്ല്യാണ്‍ പറഞ്ഞു.

മോശം സംഭവിക്കുന്നത് തടയാന്‍ നടന് എന്തുചെയ്യാമായിരുന്നുവെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു, 'അല്ലു അര്‍ജുന്‍ ഇരയുടെ കുടുംബവുമായി നേരത്തെ കണ്ടിരുന്നെങ്കില്‍ നന്നായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കാമായിരുന്നു.'

തന്റെ മൂത്ത സഹോദരന്‍ ചിരഞ്ജീവിയും താനും സിനിമകളുടെ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാറുണ്ടെന്ന് പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്ല്യാണ്‍ പറഞ്ഞു. 'പക്ഷേ, തിരക്ക് സൃഷ്ടിക്കാതിരിക്കാന്‍ പലപ്പോഴും മുഖംമൂടി ധരിച്ചിരുന്നു.'

എളിമയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവെന്നാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രി റെഡ്ഡിയെ വിശേഷിപ്പിച്ചത്. 'രേവന്ത് റെഡ്ഡി ഒരു മികച്ച നേതാവാണ്. അദ്ദേഹം വൈഎസ്ആര്‍സിയെപ്പോലെ ചെയ്തില്ല. ബെനിഫിറ്റ് ഷോകളും ടിക്കറ്റ് നിരക്കും വര്‍ദ്ധനയും അനുവദിച്ചിരുന്നു'. എന്നിരുന്നാലും, ഈ സാഹചര്യത്തില്‍, അല്ലുവിന്റെ സംഭവത്തില്‍ മുന്നിലോ പിന്നിലോ എന്താണ് സംഭവിച്ചതെന്ന് എനിക്ക് പൂര്‍ണ്ണമായി അറിയില്ലെന്നും പവന്‍ കല്ല്യാണ്‍ കൂട്ടിച്ചേര്‍ത്തു

Tags:    

Similar News