തൃശ്ശൂരില്‍ ക്രിസ്മസ് കരോള്‍ പൊലീസ് തടഞ്ഞത് ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന പേരില്‍; ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രന്യൂനപക്ഷ കമ്മിഷന്‍; പാലയൂര്‍ പള്ളി ചരിത്രത്തില്‍ ആദ്യമായാണ് കാരള്‍ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങള്‍
ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രന്യൂനപക്ഷ കമ്മിഷന്‍
തൃശൂര്‍: തൃശ്ശൂര്‍ പാലയൂര്‍ പള്ളിയില്‍ കാരള്‍ ഗാനം പാടുന്നത് പൊലീസ് വിലക്കിയ സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുെട പരാതിയിലാണ് നടപടി. ജനുവരി 15നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം. ഡിസംബര്‍ 23നാണ് ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ കാരള്‍ ഗാനാലാപനം പൊലീസ് തടഞ്ഞത്.
ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞ് ചാവക്കാട് എസ്‌ഐ വിജിത്ത് ഗാനാലാപനം തടയുകയായിരുന്നു. ക്രിസ്മസ് അലങ്കാരങ്ങള്‍ തൂക്കിയെറിയുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു. കമ്മിറ്റിക്കാര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും എസ്‌ഐ അദ്ദേഹത്തോട് സംസാരിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പൊലീസ് കാരള്‍ ഗാനാലാപനത്തിന് അനുമതി കൊടുത്തില്ല. പള്ളി ചരിത്രത്തില്‍ ആദ്യമായാണ് കാരള്‍ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു. അതിനിടെ, ആരോപണവിധേയനായ എസ്‌ഐ വിജിത്തിനെ പേരാമംഗലം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി.
പള്ളിയങ്കണത്തിലായതിനാലാണ് മൈക്ക് അനുമതി തേടാതിരുന്നതെന്നാണ് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞത്. പള്ളിമുറ്റത്ത് കൊടിമരത്തിന് സമീപം ചെറിയ വേദിയൊരുക്കി അതിന് മുകളിലാണ് കരോള്‍ പാടാന്‍ സജ്ജമാക്കിയിരുന്നത്. എന്നാല്‍ കരോള്‍ നടത്തിയാല്‍ വേദിയിലൊരുക്കിയ നക്ഷത്രങ്ങളും മറ്റും വലിച്ചെറിയുമെന്ന് എസ്.ഐ. വിജിത്ത് ഭിഷണിപ്പെടുത്തിയതായാണ് തീര്‍ഥകേന്ദ്രം ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞത്.