ഭാര്യയും പിതാവും ചേര്‍ന്ന് പീഡിപ്പിച്ചു; വിവാഹ മോചനത്തിന് ആവശ്യപ്പെട്ടത് താങ്ങാവുന്നതിലും അധികം; കൈയ്യേറ്റവും ചെയ്തു; വുഡ്‌ബോക്‌സ് കഫെ ഉടമയുടെ വിഡീയോ പുറത്ത്; പൂനീത് ഖുറാനെ ആത്മഹത്യ ചെയ്തത് എന്തിന്?

Update: 2025-01-03 05:50 GMT

ന്യൂഡല്‍ഹി: ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനങ്ങളെ തുടര്‍ന്നാണു ഡല്‍ഹിയിലെ കഫെ ഉടമ പൂനീത് ഖുറാന ആത്മഹത്യ ചെയ്തതെന്നു റിപ്പോര്‍ട്ട്. പുനീത് മരണത്തിനു മുന്‍പു റിക്കോഡ് ചെയ്ത വിഡിയോ പുറത്തു വന്നിട്ടുണ്ട്. ഇതിലാണ് കാര്യങ്ങള്‍ പറയുന്നത്. ഭാര്യ മണിക പഹ്വയും പിതാവും മാനസികമായി പീഡിപ്പിച്ചതും നിറവേറ്റാനാകാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചതും വിഡിയോയില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മോഡല്‍ ടൗണ്‍ പ്രദേശത്താണു പുനീതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പൂനീതും മണികയും വാക്കേറ്റത്തിലേര്‍പ്പെട്ടെന്നു സൂചനയുള്ള കോള്‍ റിക്കോഡ് പൊലീസിനു ലഭിച്ചിട്ടുണ്ട്. 31ന് വൈകിട്ട് നാലരയോടെ, കഴുത്തിനു ചുറ്റും മുറിവോടെ പൂനീതിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരണമാണെന്നു പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പൂനീതിന്റെ വിഡിയോ പ്രസ്താവനയും കോള്‍ റിക്കോര്‍ഡിങ്ങുകളും അടങ്ങിയ മൊബൈല്‍ ഫോണ്‍ തെളിവായുണ്ട്. ഈ സാഹചര്യത്തില്‍ ഭാര്യയ്ക്കും ഭാര്യാ പിതാവിനെതിരേയും കേസെടുക്കേണ്ട സാഹചര്യമുണ്ട്.

പരസ്പര സമ്മതത്തോടെ ആരംഭിച്ച വിവാഹമോചന നടപടികള്‍ ഭാര്യയുമായും ഭാര്യാപിതാവുമായും കടുത്ത തര്‍ക്കത്തിലേക്കു വഴിമാറിയെന്നാണു പുനീത് പറയുന്നത്. ''എനിക്കു ചെയ്യാന്‍ കഴിയുന്നതിലേറെ നിബന്ധനകളുമായി അവര്‍ സമ്മര്‍ദത്തിലാക്കുന്നു. ഇനിയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയാണ്, അത് നല്‍കാന്‍ കഴിയില്ല. എന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാനും കഴിയില്ല. ഭാര്യയും പിതാവും ചേര്‍ന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു. ഈ സമ്മര്‍ദം താങ്ങാനാവില്ല, ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്.'' വിഡിയോയില്‍ പുനീത് പറഞ്ഞു.

മണിക പഹ്വയും സഹോദരിയും മാതാപിതാക്കളും നിരന്തരം ഉപദ്രവിച്ചതായി പൂനീതിന്റെ കുടുംബവും ആരോപിച്ചു. ''ഈ അതിക്രമം സാമ്പത്തിക സമ്മര്‍ദങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. വൈകാരികമായും അവര്‍ കുഴപ്പങ്ങളുണ്ടാക്കി. പൂനീതിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മണിക ഹാക്ക് ചെയ്തിരുന്നു. പൂനീത് അനുഭവിച്ച പീഡനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ 59 മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയും ഉണ്ട്'' പുനീതിന്റെ സഹോദരി പറഞ്ഞു. പ്രശ്നങ്ങള്‍ മകന്‍ ആരുമായും പങ്കുവച്ചിരുന്നില്ലെന്നും ഭാര്യയും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും നീതി വേണമെന്നും പുനീതിന്റെ അമ്മ പറഞ്ഞു.

2016ല്‍ ആണു പൂനീതും മണികയും വിവാഹിതരായത്. പ്രശസ്തമായ വുഡ്‌ബോക്‌സ് കഫെ ഇവരൊമിച്ചു നടത്തിയിരുന്നു. 2 വര്‍ഷത്തിനുള്ളില്‍ ബന്ധം വഷളായി, പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികള്‍ തുടങ്ങി. ഇതിനിടെയാണ് മരണം. രണ്ടു കുടുംബങ്ങളുടെയും ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളും സ്വത്തു തര്‍ക്കങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News