പ്രതിഷേധിച്ചതിന് കായികമേളയില്‍ സ്‌കൂളുകള്‍ക്ക് വിലക്ക്; കായികതാരങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടും; കുട്ടികളുടെ അവകാശം നിഷേധിക്കാനാവില്ല; മന്ത്രിയെ കാണാന്‍ മാര്‍ ബേസില്‍; പ്രതിഷേധങ്ങളെ സഹിഷ്ണുതയോടെ സമീപിക്കണമെന്ന് വി ഡി സതീശന്‍
പ്രതിഷേധങ്ങളെ സഹിഷ്ണുതയോടെ സമീപിക്കണമെന്ന് വി ഡി സതീശന്‍
കൊച്ചി: എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകള്‍ക്ക് അടുത്ത കായിക മേളയില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ കാണാനൊരുങ്ങുകയാണ് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജ്മെന്റ്. അതേ സമയം തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കായികമേളയില്‍ കായിക താരങ്ങള്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് ടീച്ചര്‍മാരുടെ അടുത്തെല്ലാം അന്വേഷണം വരുകയും മാപ്പ് എഴുതി നല്‍കുകയും ചെയ്തിരുന്നുവെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം വന്നതെന്ന് അറിയില്ലെന്നാണ് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജര്‍ ജോര്‍ജ് പറയുന്നത്. നിലവില്‍ എംഎല്‍എയുമായി സംസാരിച്ചിട്ടുണ്ടെന്നും വിലക്ക് നീക്കണമെന്ന് ആവശ്യപ്പെടാനായി മന്ത്രിയെ നേരിട്ട് കണാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇനി പ്രതികരിച്ചിട്ട് കാര്യമില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊന്നും ഇല്ല. ഇപ്പോള്‍ ഇവിടുത്തെ എം എല്‍ എയുമായിട്ട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ കുട്ടികളെ വിദ്യാഭ്യാസ വകുപ്പിന് വെറുതേ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലല്ലോ- മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജര്‍ ജോര്‍ജ് പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളും തിരുന്നാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സ്‌കൂളുകളെ വിലക്കുന്നത്.
ദേശീയ സീനിയര്‍ മീറ്റില്‍ മാര്‍ബേസിലില്‍നിന്ന് ആറു കുട്ടികള്‍ പങ്കെടുക്കും. ജൂനിയര്‍ മീറ്റില്‍ രണ്ടു കുട്ടികള്‍ പങ്കെടുത്തിരുന്നു. സബ് ജുനിയര്‍ ലെവല്‍ മുതലുള്ള നിരവധി കുട്ടികളാണ് സംസ്ഥാനമേളയില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുന്നത്. കൂടാതെ പത്താംക്ലാസ്, പ്ലസ് ടു കഴിയുന്ന കുട്ടികളും നിരാശയോടെയാണ് നിലവിലെ വിലക്കിനെ കാണുന്നത്.
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു കുട്ടികള്‍ അന്ന് പ്രതിഷേധിച്ചത്. സ്പോര്‍ട്സ് സ്‌കൂളിനെ ഇത്തരത്തില്‍ പരിഗണിക്കുമെന്ന കാര്യവും അറിയിച്ചിരുന്നില്ല. ജില്ലയില്‍ അങ്ങനെയായിരുന്നില്ല നടത്തിയിരുന്നത്. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും നാവാമുകുന്ദയും മാര്‍ ബേസിലുമായിരുന്നു. വെബ്സൈറ്റിലും അങ്ങനെ തന്നെയായിരുന്നു.
ഇതിനിടെ ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയപ്പോള്‍ കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു അത്. അന്ന് അത് അവിടെ കഴിഞ്ഞു. പിന്നീട് കുട്ടികള്‍ അവരുടെ പരിശീലനവും ക്ലാസുകളുമായി പോവുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു നടപടി.
വിലക്കേര്‍പ്പെടുത്തുകയാണെങ്കില്‍ പത്താംക്ലാസിലും പ്ലസ്ടുവിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. രണ്ട് തവണ മത്സരിപ്പിച്ച് മൂന്നാം തവണ നല്ല റിസല്‍ട്ട് തരുന്ന കുട്ടികളുണ്ട്. അതൊക്കെ ഇല്ലാതാകും. അഞ്ചാംക്ലാസ് മുതലുള്ള കുട്ടികള്‍ ഉണ്ട്. സബ്ജൂനിയര്‍ മുതലുള്ള കുട്ടികളുടെ അവസരങ്ങള്‍ നഷ്ടമാകും.
വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
കായികമേളയില്‍ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകള്‍ക്ക് അടുത്ത കായിക മേളയില്‍ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിദ്യാഭ്യാസമന്ത്രിക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കത്തയച്ചു. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണെന്ന് വി.ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
2024-ലെ സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങിലായിരുന്നു സംഘര്‍ഷം. സ്‌കൂളുകളുടെ വിഭാഗത്തില്‍ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. ആണ്. ഔദ്യോഗിക സൈറ്റിലെ പോയിന്റ് ടേബിളില്‍ 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസും 43 പോയിന്റോടെ കോതമംഗലം മാര്‍ ബേസിലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇവര്‍ക്കു പകരം സ്‌പോര്‍ട്‌സ് സ്‌കൂളായ ജി.വി. രാജയ്ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന ആക്ഷേപമാണ് സംഘര്‍ഷത്തിനിടയാക്കിയത്. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തിരുന്നു.