വയനാട്ടില്‍ ജീവനെടുത്ത് കാട്ടാന ആക്രമണം; പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 22കാരനായ ആദിവാസി യുവാവ്; കുടുംബത്തിന് സഹായധനം നല്‍കുമെന്ന് വനംമന്ത്രി

വയനാട്ടില്‍ ജീവനെടുത്ത് കാട്ടാന ആക്രമണം

Update: 2025-01-08 17:41 GMT

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയിലെ കുട്ട സ്വദേശിയായ ആദിവാസി യുവാവ് മരിച്ചു. വിഷ്ണു (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിക്കുന്നത്.

രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു. തുടര്‍ന്ന് വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. വിഷ്ണു റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിഷ്ണുവിന്റെ കുടുംബത്തിന് സഹായധനം നല്‍കുമെന്ന് വനംമന്ത്രി ശശീന്ദ്രന്‍ അറിയിച്ചു.

ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിലായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരെത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും ജീവന്‍ നഷ്ടമായിരുന്നു

വിഷ്ണു റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു. കുട്ട സ്വദേശികളായ രാജുവിന്റെയും മഞ്ജുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അപ്പു, അജേഷ്, രമണി. കര്‍ണാടക സ്വദേശികളായ ബന്ധുക്കള്‍ക്ക് ധനസഹായമായി ഉടന്‍ ആദ്യ ഗഡു അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

Tags:    

Similar News