സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തി ഭാര്യയുമായി ഒളിച്ചോടി; ഒളിവു ജീവിതത്തിനിടെ യുവതിയെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ചു; 25 വര്‍ഷത്തിന് ശേഷം നാടകീയ അറസ്റ്റ്; പ്രതിയിലേക്ക് എത്തിച്ചത് ഒരു ഫോണ്‍ കോളും പഴയ ഒരു ചിത്രവും
സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തി ഭാര്യയുമായി ഒളിച്ചോടി; 25 വര്‍ഷത്തിന് ശേഷം പിടിയില്‍
ന്യൂഡല്‍ഹി: ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയായ ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഒളിവ് ജീവിതത്തിനിടെ ഡല്‍ഹിയില്‍ പിടിയില്‍. ഒരിക്കലും പോലീസ് പിടിയില്‍ അകപ്പെടരുത് എന്ന് കരുതി ആസൂത്രിതമായി നടത്തിയ ഒളിച്ചോട്ടമാണ് ഡല്‍ഹി പോലീസ് പൊളിച്ചത്. സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ വെടിവച്ച് കൊന്ന ശേഷമാണ് പ്രതി യുവതിയുമായി ഒളിച്ചോടിയത്. ഈ ബന്ധം നീണ്ടുനിന്നില്ല. മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുമ്പോഴാണ് അജയ് കുമാര്‍ ദാഹിയ കല അമ്പില്‍ വച്ച് പോലീസിന്റെ പിടിയില്‍ ആകുന്നത്.
2000ലാണ് അജയ് കുമാര്‍ ദാഹിയ (59) തന്റെ സുഹൃത്ത് അശ്വനി സേഥിയെ വെടിവച്ചു കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കിയത്. ഹരിയാനയിലെ ഝജ്ജറിലെ ബിര്‍ദാന എന്ന ദാഹിയയുടെ ഗ്രാമത്തിലാണ് വെടിയേറ്റ മുറിവുകളോടെ അശ്വനിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു പഴയ ഒരു ചിത്രവും ഒരു ഫോണ്‍ കോളുമാണ് പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടാന്‍ അന്വേഷണ സംഘത്തിന് തുണയായത്.
അശ്വനിയും ദാഹിയയും സുഹൃത്തുക്കളായിരുന്നു. ദാഹിയയുടെ ഓട്ടോ ഓടിച്ചിരുന്നത് അശ്വനി ആയിരുന്നു. ഈ അടുപ്പമാണ് സുഹൃത്തിന്റെ ഭാര്യയിലേക്കുള്ള അടുപ്പമായത്. അജയകുമാര്‍ അശ്വനിയെ തന്റെ ഗ്രാമത്തിലേക്ക് പ്രലോഭിപ്പിച്ച് എത്തിച്ച ശേഷം പിന്നെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡിസിപി (ക്രൈംബ്രാഞ്ച്) സതീഷ് കുമാര്‍ പറയുന്നു.
2001ല്‍ ദാഹിയ പഞ്ച്കുലയിലേക്ക് താമസം മാറുകയും വേറെ വിവാഹം കഴിക്കുകയും ചെയ്തു. സോംപാല്‍ എന്ന പേരില്‍ വ്യാജ ആധാര്‍ കാര്‍ഡും ഉണ്ടാക്കി. വീണ്ടും കല അമ്പിലേക്ക് തിരിച്ചുവന്ന് ചായക്കട നടത്തി ഭാര്യയോടും നാല് മക്കളോടും ഒപ്പം ജീവിക്കുമ്പോഴാണ് പിടിയിലായത്.
അശ്വനി സേഥിയെ വെടിവച്ചു കൊലപ്പെടുത്തിയ അജയകുമാര്‍ സരോജുമായി ഒളിച്ചോടിയെങ്കിലും ഈ ബന്ധം തുടര്‍ന്നില്ല. ഇവര്‍ തമ്മില്‍ വഴക്കായി. ഇതിനെ തുടര്‍ന്നാണ് സരോജ് അജയിനെ വിട്ടുപോയത്. അജയ് കുമാറും സരോജും ആദ്യം ഹിമാചല്‍ പ്രദേശിലെ ബദ്ദിയില്‍ ഒളിവില്‍ താമസിച്ചു, അവിടെ കൂലിപ്പണി ചെയ്തു. ദാഹിയ സരോജുമായി ഇടയ്ക്കിടെ വഴക്കിടുമായിരുന്നു, അതിനാല്‍ അവള്‍ അഞ്ച് ആറു മാസത്തിനുള്ളില്‍ അവനെ വിട്ടുപോയി.
സരോജിനെ കാണുന്നില്ല എന്ന പരാതി ഡല്‍ഹി പോലീസില്‍ കിട്ടിയതോടെയാണ് പോലീസ് ഉണര്‍ന്നത്. 2000 ജൂലൈ 1 ന് തന്റെ മരുമകളെ കാണാതായതായി കൃഷ്ണ സേതി എന്ന സ്ത്രീയാണ് പരാതിപ്പെട്ടത്. തന്റെ മരുമകള്‍ക്ക് അജയ് കുമാര്‍ ദാഹിയ എന്നയാളുമായി ബന്ധമുണ്ടായിരുന്നു എന്ന് സംശയമുണ്ടെന്നു ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പക്ഷെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.
2008-ല്‍ ദാഹിയയെയും സരോജിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. 2024 ജൂലൈയില്‍ എസിപി നരേന്ദര്‍ സിങ്ങിന്‍ന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് കൗശികിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു.
''ഒരു പഴയ ഒരു ചിത്രം നോക്കിയാണ് കൊലപാതകിയിലേക്ക് എത്തിയത്. പ്രതി ഒന്നിലധികം വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ചു, മിക്കവാറും എല്ലാ വര്‍ഷവും താമസം മാറി. അതുകൊണ്ട് തന്നെ അന്വേഷണം ദുഷ്‌കരമായി. ഒരു ഫോണ്‍ കോളാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ തുണച്ചത്.'' അന്വേഷണത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഡിസിപി (ക്രൈംബ്രാഞ്ച്) സതീഷ് കുമാര്‍ വെളിപ്പെടുത്തി.