ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറി 'സ്ഥിരതാമസമാക്കി'; വീട്ടുടമസ്ഥന്റെ സഹോദരന്‍ ആളനക്കം തിരിച്ചറിഞ്ഞു; ഉറങ്ങിയുണര്‍ന്നപ്പോള്‍ കട്ടിലിന് ചുറ്റും പോലീസ് കാവല്‍; പിടിയിലായത് അന്തഃസംസ്ഥാന മോഷ്ടാവ്

പിടിയിലായത് അന്തഃസംസ്ഥാന മോഷ്ടാവ്

Update: 2025-01-13 15:06 GMT

ആലപ്പുഴ: ആള്‍താമസമില്ലാത്ത വീട്ടില്‍ക്കയറി മോഷണത്തിന് ശേഷം അതേ വീട്ടില്‍ത്തന്നെ താമസമാക്കിയ അന്തഃസംസ്ഥാന മോഷ്ടാവ് ആലപ്പുഴയില്‍ പിടിയില്‍. ചെങ്ങന്നൂര്‍ നഗരസഭ പരിധിയിലുള്ള വീടിനുള്ളില്‍ കിടുന്നുറങ്ങുകയായിരുന്ന മോഷ്ടാവ് കണ്ണുതുറന്നപ്പോള്‍ കണ്ടത് വന്‍ പോലീസ് സംഘത്തെയായിരുന്നു. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് ഓടിച്ചിട്ടുപിടിക്കുകയും ചെയ്തു. നിരവധി മോഷണക്കേസുകളാണ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത്.

മുംബൈ സ്വദേശിയായ അജയ് മെഹന്ത എന്ന അന്തഃസംസ്ഥാന മോഷ്ടാവിനെയാണ് കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇയാള്‍ കേരളത്തിലുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് അജയ് പോലീസ് പിടിയിലായത്. നഗരസഭാ പരിസരത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഉണ്ടുറങ്ങി സുഖമായി കഴിയുകയായിരുന്നു. അപ്പോഴാണ് വീട്ടുടമസ്ഥന്റെ സഹോദരന്‍ ചെടികള്‍ നനയ്ക്കാനായി അവിടെയെത്തിയത്. വീട്ടിനുള്ളില്‍ ആളനക്കം തിരിച്ചറിഞ്ഞ ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കതകുതുറന്ന് അകത്തുകയറിയ പോലീസ് കണ്ടത് സുഖനിദ്രയിലാണ്ടുകിടക്കുന്ന മോഷ്ടാവിനെ. എന്തോ അനക്കം തിരിച്ചറിഞ്ഞ് ഞെട്ടിയുണര്‍ന്ന അജയ് കണ്ടത് ചുറ്റുംനില്‍ക്കുന്ന പോലീസിനെയാണ്. ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഇരുമ്പും തടിയും മറ്റും മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കൊടുവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെത്തി.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മോഷ്ടാവാണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ വിവിധയിടങ്ങളില്‍ കുഴിച്ചിട്ടിരുന്ന മോഷണമുതലുകള്‍ കണ്ടെടുത്തു. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മോഷണക്കേസുകള്‍ തെളിയുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍.

Tags:    

Similar News